Image

കുട്ടികളെ പൂട്ടിയിട്ട് തീ കൊളുത്തി ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; വാതിൽ തകർത്ത് അതിസാഹസികമായി രക്ഷിച്ച് പൊലീസും ഫയർഫോഴ്സും

Published on 10 September, 2026
കുട്ടികളെ പൂട്ടിയിട്ട് തീ കൊളുത്തി ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; വാതിൽ തകർത്ത് അതിസാഹസികമായി രക്ഷിച്ച് പൊലീസും ഫയർഫോഴ്സും

കോഴിക്കോട്: കുടുംബപ്രശ്നങ്ങളെ തുടർന്ന് പിഞ്ചുമക്കളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് പാചകവാതകം തുറന്നുവിട്ടും ഡീസലൊഴിച്ചും ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ പൊലീസും ഫയർഫോഴ്സും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി. കമ്പനിമുക്ക് ഈഗിൾ പ്ലാന്റേഷൻ കോളനിയിൽ കഴിഞ്ഞദിവസം രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അഞ്ചും രണ്ടും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളെ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം ദേഹത്ത് ഡീസലൊഴിച്ച്, അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് കൊലപ്പെടുത്താനും സ്വയം ജീവനൊടുക്കാനുമായിരുന്നു യുവാവിന്റെ ശ്രമം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നമംഗലം സിഐ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫയർഫോഴ്സും ചേർന്ന് കുട്ടികളെയും യുവാവിനെയും പരിക്കേൽക്കാതെ രക്ഷിക്കുകയായിരുന്നു.

​ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് അവരെ വീട്ടിൽനിന്ന് ഇറക്കിവിട്ട ശേഷമാണ് യുവാവ് കുട്ടികളുമായി മുറിക്കുള്ളിൽ കയറി വാതിലടച്ചത്. വിവരമറിഞ്ഞ് കൺട്രോൾ റൂം പട്രോളിങ് സംഘത്തിലെ എഎസ്ഐ പി. സഫിയയുടെ നേതൃത്വത്തിലുള്ള പൊലീസ് ഉടൻ എത്തിയെങ്കിലും വീടിനുള്ളിൽനിന്ന് പാചകവാതകം പുറത്തേക്ക് വ്യാപിച്ച നിലയിലായതിനാൽ തുടക്കത്തിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി. തുടർന്ന് സിഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ഒരു മണിക്കൂറോളം ജനലിലൂടെ സംസാരിച്ച് യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വാതിൽ തുറക്കാൻ തയ്യാറായില്ല. സ്ഥിതി അപകടകരമാണെന്ന് ബോധ്യപ്പെട്ടതോടെ ഫയർഫോഴ്സിന്റെ സഹായത്തോടെ മുൻവാതിൽ ബലമായി പൊളിച്ച് അകത്തുകയറി യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ സിഐ ഉൾപ്പെടെയുള്ള ചില പൊലീസുകാർക്ക് പരിക്കേറ്റു.

​സംഭവത്തിൽ യുവാവിനെതിരെ ബിഎൻഎസിലെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് (ജെജെ) ആക്ട് പ്രകാരവും കേസെടുത്ത് കുന്നമംഗലം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. സിഐ കെ.പി. അഭിലാഷ്, എഎസ്ഐ പി. സഫിയ, സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത്, ഹോംഗാർഡ് മോഹനൻ എന്നിവരുടെ കൃത്യമായ സമയത്തെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക