
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻമന്ത്രി കെ.ടി. ജലീൽ എംഎൽഎ. പിണറായി വിജയനെ പൂട്ടാൻ ഇ.ഡി വേറെ ജനിക്കേണ്ടിവരുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകൾ അന്വേഷിക്കേണ്ടത് പൊലീസല്ലെന്നും വിജിലൻസാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിജിലൻസ് ആകട്ടെ ഡിജിപിയുടെ കീഴിലല്ല പ്രവർത്തിക്കുന്നത്. നിലവിലെ നിയമപ്രകാരം വിജിലൻസ് ഡയറക്ടർക്കുപോലും സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താൻ അധികാരമില്ലെന്നും ജലീൽ ചൂണ്ടിക്കാട്ടി.
തുടർച്ചയായി പത്തുവർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഒരേയൊരു വ്യക്തിയാണ് പിണറായി വിജയൻ. ഇത്രയും വർഷം കേന്ദ്ര ഏജൻസികൾ അരിപ്പവെച്ച് പരിശോധിച്ച് റെയ്ഡുകൾ നടത്തിയിട്ടും അദ്ദേഹം കേവലം 3.24 കോടിയുടെ 'അഴിമതി' മാത്രമേ നടത്തിയിട്ടുള്ളൂ എന്നാണ് ഇ.ഡി കണ്ടെത്തിയതെങ്കിൽ, അദ്ദേഹത്തിന്റെ കൈകൾ ആയിരംവട്ടം ശുദ്ധമാണെന്ന് മലയാളികൾക്ക് പൂർണമായും വിശ്വസിക്കാം. ഏറ്റവും ചുരുങ്ങിയത് 300 കോടിയുടെയെങ്കിലും അഴിമതി ആരോപണം ഉന്നയിക്കാനുള്ള വിവേകം ഇ.ഡി കാണിക്കണമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഇ.ഡി സർക്കാരിന് അയച്ച കത്ത് ഡിജിപി, മുഖ്യമന്ത്രിക്കോ വിജിലൻസിന്റെ ചുമതലയുള്ള മന്ത്രിക്കോ ആണ് കൈമാറേണ്ടതെന്നും അതിന്മേൽ സർക്കാർ നിയമോപദേശം തേടണമെന്നും കെ.ടി. ജലീൽ വ്യക്തമാക്കി. പിണറായി വിജയൻ ഭരണത്തിൽ ഇരിക്കുന്നതിനേക്കാൾ, ഭാവിയിൽ അദ്ദേഹം പ്രതിപക്ഷ നേതൃപദവിയിൽ വരുന്നത് കാണാനാണ് യുഡിഎഫിനും ബിജെപിക്കും ഭയമെന്നും ആ അസ്വസ്ഥതയാണ് ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.