
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ് തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറാൻ സാധ്യതയുള്ളതാണ് മഴ സജീവമാകാൻ കാരണം. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് പ്രവചനം.
'കള്ളക്കടൽ' പ്രതിഭാസത്തിന്റെ ഭാഗമായി തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം തീരത്ത് (കാപ്പിൽ മുതൽ പൊഴിയൂർ വരെ) വെള്ളിയാഴ്ച രാവിലെ വരെ 0.9 മുതൽ 1.0 മീറ്റർ വരെയും, കന്യാകുമാരി തീരത്ത് ശനിയാഴ്ച രാത്രി വരെ 1.2 മുതൽ 1.4 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. തിരമാലകൾ ശക്തമാകുന്ന സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ പരസ്പരം കൂട്ടിയിടിക്കാത്തവിധം സുരക്ഷിതമായി ഹാർബറുകളിൽ കെട്ടിയിടണം. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചിലേക്കുള്ള യാത്രകളും വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.