
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ കെ. കുഞ്ഞിക്കണ്ണൻ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം 'ജന്മഭൂമി' പത്രത്തിന്റെ റസിഡന്റ് എഡിറ്ററായി പ്രവർത്തിച്ച അദ്ദേഹം പത്രപ്രവർത്തനരംഗത്തും രാഷ്ട്രീയരംഗത്തും ഒരുപോലെ സജീവസാന്നിധ്യമായിരുന്നു.
മാധ്യമരംഗത്ത് സംഘടനാനേതൃത്വത്തിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന വൈസ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കണ്ണൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ, സംസ്ഥാന പത്രപ്രവർത്തക അക്രഡിറ്റേഷൻ കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ അദ്ദേഹം കാര്യക്ഷമമായി നിർവഹിച്ചു. കൂടാതെ സെൻസർ ബോർഡ്, ടെലികോം അഡ്വൈസറി ബോർഡ് എന്നിവയിലും അംഗമായിരുന്നു.
യുവമോർച്ചയുടെ പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കുഞ്ഞിക്കണ്ണൻ ബിജെപിയുടെ മീഡിയ കൺവീനറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കണ്ണൂർ, പേരാവൂർ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടി. ബിജെപിയുടെ പ്രമുഖ നേതാവായിരുന്ന കെ.ജി. മാരാറുടെ ജീവചരിത്രം ഉൾപ്പെടെ ശ്രദ്ധേയമായ നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.