Image

മുഖ്യമന്ത്രിക്കെതിരായ വേട്ടയാടൽ: യുഡിഎഫിനെയും ബിജെപിയെയും രാഷ്ട്രീയമായും നിയമപരമായും നേരിടും: എം.വി. ജയരാജൻ

Published on 10 September, 2026
മുഖ്യമന്ത്രിക്കെതിരായ വേട്ടയാടൽ: യുഡിഎഫിനെയും ബിജെപിയെയും രാഷ്ട്രീയമായും നിയമപരമായും നേരിടും: എം.വി. ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടാനുള്ള യുഡിഎഫ്-ബിജെപി നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. ജീവിതത്തിൽ ഇതുവരെ അഴിമതിയിലൂടെ ഒരു രൂപ പോലും സമ്പാദിക്കാത്ത നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് പ്രതിപക്ഷം നിരന്തരം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചടയൻ ഗോവിന്ദൻ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി തള്ളിയത് ആരോപണങ്ങളിൽ തെളിവില്ലാത്തതുകൊണ്ടാണെന്ന് എം.വി. ജയരാജൻ ചൂണ്ടിക്കാട്ടി. ഒരു തെളിവുമില്ലെന്ന് വ്യക്തമായതിനാലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് എടുക്കാതിരുന്നത്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനും വേട്ടയാടാനുമുള്ള കേന്ദ്ര ഏജൻസിയായി ഇ.ഡി മാറിയിരിക്കുകയാണെന്നും സംസ്ഥാനത്ത് കോൺഗ്രസ്–ബിജെപി രഹസ്യധാരണയാണ് നടക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

​ചടങ്ങിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും പ്രവർത്തകരും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക