
നവംബർ 3നു നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇറാൻ യുദ്ധം അവസാനിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച്ച പറഞ്ഞു. യുഎസ് കോൺഗ്രസിൽ തന്റെ നിയന്ത്രണം നഷ്ടപ്പെട്ടാൽ അണ്വായുധ പരിപാടി തുടരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇറാനെന്നു അദ്ദേഹം ആരോപിക്കയും ചെയ്തു.
ഇറാനോട് അനുഭവമുള്ള ഭരണം യുഎസിൽ ഉണ്ടാവാനാണ് അവർ ശ്രമിക്കുന്നതെന്നു ഡാലസിൽ റിപ്പബ്ലിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷനു പുറപ്പെടും മുൻപ് മാധ്യമങ്ങളോടു ട്രംപ് പറഞ്ഞു. "അതിനായി വോട്ടർമാരെ സ്വാധീനിക്കാൻ ഇറാൻ ശ്രമിക്കുന്നു. ദുർബലരായ ആളുകൾ എത്തിയാൽ അവരെ വെറുതെ വിടുമെന്ന് ഇറാൻ കരുതുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം തീരുമെന്നാണ് എന്റെ തോന്നൽ."
അത് എന്തു കൊണ്ടാണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങിനെ: "അവർക്കിനി പിടിച്ചു നിൽക്കാനാവില്ല."
നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുമോ എന്ന ചോദ്യത്തിനു ട്രംപ് പറഞ്ഞ മറുപടി തനിക്കു തിരക്കൊന്നുമില്ല എന്നാണ്. വീണ്ടും യുദ്ധത്തിനു പോകാൻ താല്പര്യവുമില്ല. "അടുത്ത കാലത്തു നമ്മൾ നടത്തിയ ആക്രമണങ്ങൾ അവരെ ഗണ്യമായി ക്ഷീണിപ്പിച്ചു. നമ്മൾ അത് ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. ചർച്ചയിലൂടെ പരിഹാരമാണ് ഞാൻ ആഗ്രഹിച്ചിരുന്നത്."
Trump claims Iran war will end 'immediately' after midterms