
വാഷിങ്ടൺ: ഇന്ത്യൻ വംശജരായ അനുരാധ-വികാസ് സിൻഹ ദമ്പതികൾ യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിന് (യുഎൻടി) 20 മില്യൺ ഡോളർ സംഭാവന നൽകി. ഇതിന്റെ ഭാഗമായി സർവകലാശാലയിൽ ആരംഭിക്കുന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് അനലിറ്റിക്സ് കോളജിന് ദമ്പതികളുടെ പേര് നൽകും.
'അനുരാധ ആൻഡ് വികാസ് സിൻഹ കോളജ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് അനലിറ്റിക്സ്' എഐ, ഇന്റലിജന്റ് സിസ്റ്റങ്ങൾ, ഡാറ്റ അനലിറ്റിക്സ് എന്നിവയുടെ വികസനം, പ്രയോഗം, ഉത്തരവാദിത്തപരമായ ഉപയോഗം എന്നിവ കേന്ദ്രീകരിച്ചുള്ള അക്കാദമിക് കേന്ദ്രമായിരിക്കും. കോളജ് നേതൃത്വം, വിദ്യാർഥി സ്കോളർഷിപ്പുകൾ, പ്രൊഫസർഷിപ്പുകൾ, സംരംഭകത്വ-ഇൻകുബേഷൻ പ്രവർത്തനങ്ങൾ, നൂതന ഗവേഷണം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയ്ക്കായി ആറ് സ്ഥിര എൻഡോവ്മെന്റുകളും സംഭാവനയിലൂടെ സ്ഥാപിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, ഡാറ്റ സയൻസ്, അഡ്വാൻസ്ഡ് അനലിറ്റിക്സ്, ഹെൽത്ത് ഇൻഫർമാറ്റിക്സ്, ഇൻഫർമേഷൻ സയൻസ്, ലൈബ്രറി സയൻസ്, ലേണിങ് ടെക്നോളജീസ് തുടങ്ങിയ മേഖലകളിലെ പഠന പരിപാടികളെ കോളജ് ഏകോപിപ്പിക്കും. വിവിധ വിഷയങ്ങളിലെ അധ്യാപകരെയും വിദ്യാർഥികളെയും സംയുക്ത അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണം, വ്യവസായ പങ്കാളിത്തം എന്നിവയിലൂടെ ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
വിദ്യാർഥികളെ എഐ ഉപയോഗിക്കാൻ മാത്രമല്ല, അത് വികസിപ്പിക്കാനും മനസ്സിലാക്കാനും ചോദ്യം ചെയ്യാനും നിയന്ത്രിക്കാനും ഉത്തരവാദിത്തത്തോടെ പ്രയോഗിക്കാനും പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് വികാസ് സിൻഹ പറഞ്ഞു. ഇന്റലിജന്റ് സിസ്റ്റങ്ങളുടെ 'നിർമാതാക്കളെയും' 'സംരക്ഷകരെയും' വളർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കോളജിന് കീഴിൽ രണ്ട് അക്കാദമിക് വിഭാഗങ്ങളുണ്ടാകും. 'ഡിവിഷൻ ഓഫ് അപ്ലൈഡ് ഇന്റലിജൻസ് ആൻഡ് ഇൻഫോർമാറ്റിക്സ്' ഇന്റലിജന്റ് സംവിധാനങ്ങളുടെ നിർമാണത്തിലും പ്രയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. 'ഡിവിഷൻ ഓഫ് ഇൻഫർമേഷൻ ആൻഡ് ലേണിങ് ആപ്ലിക്കേഷൻസ്' മനുഷ്യരും സ്ഥാപനങ്ങളും വിവരങ്ങളെയും ഇന്റലിജന്റ് സംവിധാനങ്ങളെയും എങ്ങനെ ഉപയോഗിക്കുന്നുവെന്നത് പഠിക്കും.
എഐ, അനലിറ്റിക്സ് മേഖലയിലെ ഗവേഷണവും വിദ്യാഭ്യാസവും ഏകോപിപ്പിക്കുന്നതിനായി 'അപ്ലൈഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട്' സ്ഥാപിക്കാനും സർവകലാശാല പദ്ധതിയിടുന്നു. അന്തർവിഷയ ഗവേഷണം, പങ്കിട്ട അടിസ്ഥാന സൗകര്യങ്ങൾ, ബാഹ്യ ഫണ്ടിങ്, വ്യവസായ സഹകരണം എന്നിവ വിപുലീകരിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയിൽ ശ്രീ വെങ്കിടേശ്വര സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷമാണ് അനുരാധയും വികാസ് സിൻഹയും യുഎസിലെത്തിയത്. തുടർന്ന് ഇരുവരും ഫ്ലോറിഡ അറ്റ്ലാന്റിക് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദങ്ങൾ നേടി. വികാസ് സിൻഹ പിന്നീട് നോർത്ത്‌വെസ്റ്റേൺ സർവകലാശാലയിൽ പഠിക്കുകയും 2023ൽ UNTയിൽ നിന്ന് ഇൻഫർമേഷൻ സയൻസിൽ പിഎച്ച്ഡി നേടുകയും ചെയ്തു. നിലവിൽ ബ്രോഡ്കോമിന്റെ മെയിൻഫ്രെയിം സോഫ്റ്റ്‌വെയർ വിഭാഗം വൈസ് പ്രസിഡന്റാണ്.
യുഎൻടി-യിലെ സിൻഹ ദമ്പതികളുടെ പിന്തുണ ഇതാദ്യമല്ല. 2024ൽ 'അനുരാധ ആൻഡ് വികാസ് സിൻഹ ഡിപ്പാർട്ട്മെന്റ് ഓഫ് ഡാറ്റ സയൻസ്' സ്ഥാപിക്കുന്നതിനും അനുബന്ധ എൻഡോവ്മെന്റുകൾക്കുമായി ഇവർ സഹായം നൽകിയിരുന്നു. 2025ൽ ഡാറ്റ സയൻസിനായുള്ള 'സിൻഹ ഇന്നൊവേഷൻ ലാബ്' സ്ഥാപിക്കുന്നതിനും വലിയ സംഭാവന നൽകി.
'വിദ്യാഭ്യാസമാണ് ഞങ്ങളുടെ ജീവിതത്തിൽ അവസരങ്ങളുടെ വാതിലുകൾ തുറന്നത്. ആ വാതിലുകൾ മറ്റുള്ളവർക്കും തുറന്നുവയ്ക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്' എന്ന് വികാസ് സിൻഹ പറഞ്ഞു. അന്താരാഷ്ട്ര വിദ്യാർഥിയെന്ന നിലയിലെ സ്വന്തം അനുഭവം ചൂണ്ടിക്കാട്ടിയ അദ്ദേഹം, കുടിയേറ്റക്കാർ അമേരിക്കൻ സ്വപ്നത്തിൽ പങ്കാളികളാകുക മാത്രമല്ല, അത് കെട്ടിപ്പടുക്കുന്നതിലും പങ്കുവഹിക്കുന്നുവെന്നും പറഞ്ഞു.