Image

ഹാഥിഷാരയുടെ മണ്ണിൽ (ത്രിപുരക്കുറിപ്പുകൾ-രണ്ട്: എം കെ നാരായണമൂര്‍ത്തി)

Published on 09 September, 2026
ഹാഥിഷാരയുടെ മണ്ണിൽ (ത്രിപുരക്കുറിപ്പുകൾ-രണ്ട്: എം കെ നാരായണമൂര്‍ത്തി)

തികച്ചും അവിചാരിതമായാണ് അമിത് എന്ന വിദ്യാർത്ഥിയെ ഞാൻ അഗർത്തലയിൽ വച്ച് പരിചയപ്പെടുന്നത്.വളരെ കൃത്യമായി ത്രിപുരയെ കുറിച്ച് അറിയുന്നയാൾ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തിന്റെ വലിയ സഹായങ്ങൾ ഇവിടെ ലഭിക്കുകയും ചെയ്തു.അദ്ദേഹവും സുഹൃത്തുക്കളും എന്റെ നല്ല സുഹൃത്തുക്കളാകാൻ അധികം സമയം വേണ്ടി വന്നില്ല.ഡൽഹിയിൽ സി.ജെ.പി സമരം നടക്കുമ്പോൾ ഇവർ അഗർത്തലയിലെ സർക്യൂട്ട്ഹൗസിന് മുന്നിൽ സി.ജെ.പി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ധർണ്ണകൾ നടത്തി അധികാരികളുടെ കണ്ണിലെ കരടായവരുമാണ്.അമിതിന് ഞാനും കൂടെയുള്ള ഫോട്ടോഗ്രാഫർ യദുകൃഷ്ണൻ പി അയ്യല്ലൂരും അയാളുടെ ഗ്രാമം സന്ദർശിക്കണമെന്ന് നിർബന്ധമുള്ളത് പോലെ തോന്നി.ഇന്ത്യാ-ബംഗ്ളാദേശ് അതിർത്തിയിലാണ് ഹാഥിഷാരാ എന്ന അമിതിന്റെ ഗ്രാമം.അഗർത്തലയിൽ നിന്നും വെറും മുപ്പതു കിലോമീറ്റർ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ.പക്ഷേ പൊതുഗതാഗത സംവിധാനമില്ല.ത്രിപുരയിലെ പൊതുഗതാഗത സംവിധാനം അത്യന്തം ശോചനീയമാണ്.സർക്കാർ ബസ്സുകൾ അപൂർവ്വമാണ്.ഒരു ജീപ്പിലായിരുന്നു ഞങ്ങളുടെ യാത്ര.കേരളത്തിലാണെങ്കിൽ ആ ജീപ്പ് പൊതുനിരത്തിലിറങ്ങാൻ അധികാരികൾ സമ്മതിക്കുമായിരുന്നില്ല.മാത്രമല്ല ജീപ്പിനുള്ളിൽ ഏതാണ്ട് പതിനഞ്ചു പേരെ കുത്തിനിറച്ചുള്ള യാത്രയായിരുന്നു അത്.ഗ്രാമത്തിന്റെ അതിർത്തി വരെയാണ് ജീപ്പ് പോകുന്നത്.പിന്നെയുള്ള രണ്ടു കിലോമീറ്റർ കാൽനടയേയുള്ളൂ ശരണം.കൂടെ കുറച്ച് വിദ്യാർത്ഥി സുഹൃത്തുക്കൾ ഉണ്ടായിരുന്നത് കൊണ്ട് കഥകളൊക്കെ പറഞ്ഞ് ഞങ്ങൾ നടന്നു.അതിലൊരു പെൺകുട്ടി പകുതി ആസ്സാമീസ്സും പകുതി ത്രിപുരക്കാരിയുമായിരുന്നു.അവൾ റീലുകൾ സൃഷ്ടിക്കാനുള്ള ഫോട്ടോഷൂട്ടായി ഈ നടത്തയെ മാറ്റി.വെയിൽ അതികഠിനവുമായിരുന്നു.

നടക്കുമ്പോൾ കണ്ട വീടുകളെ വീടെന്നു പറയാമോ എന്ന് എനിക്കറിയില്ല.മുളമ്പായും തകരഷീറ്റുകളും ഉപയോഗിച്ച് നിർമ്മിച്ചവയാണ് എല്ലാവീടുകളും.നഗരത്തിനു പുറത്ത് നിങ്ങൾക്ക് കോൺക്രീറ്റ് നിർമ്മിതികൾ കാണാനേ കഴിയില്ല.പഴയതുണികൾ കൊണ്ട് വേർതിരിച്ച വീടിന്റെ അതിർത്തികൾ കണ്ടപ്പോൾ പഴയൊരു ആഫ്രിക്കൻ യാത്രയാണ് എന്റെ ഓർമ്മയിൽ വന്നത്.ബോക്കോഹറാമെന്ന ആഫ്രിക്കൻരാജ്യത്ത് യാത്ര ചെയ്തപ്പോഴാൾ കണ്ട കാഴ്ചകളുടെ തനിയാവർത്തനം.ബി.എസ്.എഫിന്റെ ആളില്ലാ പോസ്റ്റുകൾ വഴിനീളെയുണ്ട്.വളച്ചു ചുറ്റിയിട്ടിരിക്കുന്ന് മുള്ളുവേലി കൊണ്ട് അതിർത്തി വേർതിരിച്ചിട്ടുണ്ട്.ഇന്ത്യൻ അതിർത്തിയിൽ നിന്നും ഇരുന്നൂറ് മീറ്റർ മാറി ബംഗ്ളാദേശിന്റെ വേലി.ഇടയ്ക്കിടെ വലിയ ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.പട്ടാളത്തിന്റെ അനുമതിയോട് കൂടി അതിർത്തിക്കപ്പുറമുള്ള ബന്ധുക്കളെ കാണാൻ തദ്ദേശീയരെ പോകാൻ അനുവദിക്കും.മഞ്ഞുകാലമായാൽ ആ അനുവാദം ലഭിക്കില്ല.മഞ്ഞുകാലത്ത് കടുത്ത മൂടൽ മഞ്ഞിനാൽ ഈ പ്രദേശം മൂടപ്പെടും.അപ്പോഴാണ് ഇതുവഴിയുള്ള കള്ളക്കടത്ത് വ്യാപകമാകുന്നതെന്ന് കൂടെയുള്ള മോസസ് എന്ന വിദ്യാർത്ഥി പറഞ്ഞു.മോസസ് തിപ്രമോത്തയെന്ന രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രാദേശിക നേതാവാണ്.മെയിൻ ലാൻഡ് ഇന്ത്യയിൽ നിന്നും തങ്ങൾ അനുഭവിക്കുന്ന അവഗണനയെ കുറിച്ചാണ് അയാൾ സംസാരിച്ചിരുന്നത്.ഇവിടെത്തെ യുവാക്കൾ എത്രമാത്രം അസ്വസ്ഥരാണെന്ന് അയാൾ എന്നെ ബോധ്യപ്പെടുത്തി.

പണ്ടുകാലത്ത് പലവിധ ഭീകരപ്രവർത്തനവും നടന്നിരുന്നത് ഈ അവഗണന കൊണ്ടാണെന്ന് അയാൾ വിശ്വസിക്കുന്നു.വഴിയിൽ ഒരു കുട്ടിക്കുരങ്ങനുമായി സൗഹൃദപൂർവ്വം കളിക്കുന്ന കുഞ്ഞുങ്ങളേയും കണ്ടു.അതിർത്തിയുടെ ഫോട്ടോകൾ എടുക്കാൻ ഞങ്ങൾ ശ്രമിച്ചത് ഒരു പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികൻ സ്നേഹപൂർവ്വം തടഞ്ഞു.അയാളുടെ മേലുദ്യോഗസ്ഥർ ആരെങ്കിലും കടന്നു വന്നാൽ അയാൾക്ക് പ്രശ്നമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.ഞങ്ങൾ ക്യാമറകൾ ഓഫാക്കി അയാളെ ബോധ്യപ്പെടുത്തി.മൊബൈൽ ഫോണിലും ചിത്രങ്ങൾ പകർത്തെരുതെന്ന നിർദ്ദേശവും അയാൾ നൽകി.ദരിദ്രമായ രണ്ടു വശങ്ങൾ.ഒരു സംസ്കാരത്തിനെ രണ്ടായി വെട്ടിമുറിച്ച് അതിരുകൾ വരച്ച ബ്രിട്ടീഷ് സായിപ്പ് മനുഷ്യരെ മറന്നു പോയിരുന്നോ?1949 ലാണ് ത്രിപുര ഇന്ത്യൻ യൂണിയനിൽ ഭാഗികമായി അംഗമാകുന്നത്.1972ൽ പൂർണ്ണലയനവും.സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്ന ബംഗാളിലെ മിതവാദികൾക്കും തീവ്രവാദികൾക്കും അഭയമായിരുന്നു ത്രിപുരയിലെ ഒളിയിടങ്ങൾ.രാഷ്ട്രീയ ബോധ്യങ്ങളുടെ ഇത്തരം മണ്ണാണ് ഇടതുപക്ഷത്തെ ത്രിപുരയിൽ ഒരു ശക്തിയായി ഇപ്പോഴും നിലനിറുത്തുന്നത്.കമ്മ്യൂണിസ്റ്റു പാർട്ടികളുടെ സാന്നിദ്ധ്യം കേരളത്തിൽ അടിസ്ഥാനവികസനത്തിനും വിദ്യാഭ്യാസ വികസനത്തിനും കളമൊരുക്കിയെങ്കിലും മുപ്പത്തിനാല് വർഷങ്ങൾ ഭരിച്ചിട്ടും അഗർത്തലയ്ക്ക് പുറത്തേയ്ക്ക് യാതൊരു വികസനവും എത്തിക്കാൻ കമ്മ്യൂണിസ്റ്റുകൾക്കും ഇടയ്ക്ക് ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസ്സിനും സാധിച്ചില്ലെന്ന് ഇവിടത്തെ കാഴ്ചകൾ സാക്ഷ്യം പറയും.ഇപ്പോൾ ഭരിക്കുന്ന ബി.ജെ.പി സർക്കാരും വലിയ പരാജയമാണ്.ഒരു സർക്കാർ ഈ സംസ്ഥാനത്തുണ്ടെന്ന് കേരളം പോലുള്ള സംസ്ഥാനത്തു നിന്നും വരുന്ന ഒരാൾക്ക് അനുഭവപ്പെടുകയില്ല.

അമിത്തിന്റെ വീട്ടിൽ വലിയ സ്വീകരണമായിരുന്നു.ഞങ്ങൾക്കെല്ലാം പ്രഭാതഭക്ഷണം ഒരുക്കി അമിതിന്റെ അമ്മയും അച്ഛനും അപ്പൂപ്പനും മറ്റു ബന്ധുക്കളും കാത്തിരിപ്പുണ്ടായിരുന്നു.സ്റ്റിക്കി റൈസെന്ന് ഇംഗ്ളീഷിൽ പറയുന്ന ഈ വിഭവത്തിന്റെ പ്രാദേശിക പേര് എനിക്ക് മനസ്സിലായില്ല.ഇതിന് മുമ്പ് സ്റ്റിക്കി റൈസ് കഴിച്ചത് ലാവോസിൽ നിന്നും വടക്കൻ തായ്ലൻഡിലെ ചില നഗരങ്ങളിൽ നിന്നുമായിരുന്നു.അതൊരു മംഗോളിയൻ ഭക്ഷണമാണെന്ന് അറിയാം.കൂടെ മുട്ടയും പന്നിയിറച്ചി കൊണ്ടുള്ള കറിയും മുളയുടെ ഇലകൾ ഉപയോഗിച്ചുള്ള നമ്മുടെ തോരൻ പോലുള്ള ഒരു വിഭവവുമായിരുന്നു.പൊതുവേ എണ്ണ കുറച്ച് ഉപയോഗിക്കുന്നവരാണിവർ.ഉപയോഗിക്കുന്നതാകട്ടെ തവിടിൽ നിന്നുള്ള എണ്ണയും.ത്രിപുരി എന്ന ഗോത്രവിഭാഗത്തിൽ പെട്ടവരാണ് തങ്ങളെന്ന് അവർ വിശദീകരിച്ചു.പൊതുവേ സുന്ദരികളും സുന്ദരന്മാരും.അമിതിന്റെ അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനാണ്.പക്ഷേ അത് കൊണ്ട് പ്രത്യേക സ്ഥാനമൊന്നും ത്രിപുരി സമുദായത്തിൽ ലഭിക്കുന്നില്ല.പൊതുവേ സ്ത്രീകളാണ് ഇവിടെ ദൈനംദിനകാര്യങ്ങളുടെ നടത്തിപ്പുകാർ.ഒരു കാരണവത്തിയായി ഞങ്ങളെ സൽക്കരിക്കുന്നതിൽ അമിതിന്റെ അമ്മ കാണിക്കുന്ന ഉത്സാഹം സ്ത്രീകൾക്ക് ഈ സമുദായം നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു.

പ്രഭാതഭക്ഷണത്തിന് ശേഷം ഞങ്ങൾ അവിടയുള്ള തേയില ഫാക്ടറി കാണാൻ പോയി. 1500 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന തോട്ടത്തിന് നടുവിലാണ് ഫാക്ടറി.രാജസ്ഥാനിൽ നിന്നുള്ളയാളാണ് തോട്ടമുടമ.അദ്ദേഹം കൊൽക്കത്തയിലാണ് താമസമെന്ന് ഫാക്ടറിയുടെ മാനേജർ പറഞ്ഞു.ആസാം സ്വദേശിയാണ് മാനേജർ.തോട്ടത്തിൽ കുറച്ച് ഭാഗം നടന്നു കാണാൻ അദ്ദേഹം ഞങ്ങളെ അനുവദിച്ചു.അദ്ദേഹം പറഞ്ഞ ഭാഗത്തിനപ്പുറത്തേയ്ക്ക് പോകരുതെന്ന് കർശനമായ നിർദ്ദേശവും തന്നു.ഇന്ത്യാ-ബംഗ്ളാദേശ് അതിർത്തിയായത് കൊണ്ട് മാത്രമായിരുന്നില്ല ആ താക്കീത്.അതിനപ്പുറം വിശാലമായ കഞ്ചാവ് തോട്ടങ്ങളാണ്.അധികാരികൾ കണ്ണടച്ചു കൊടുത്തിരിക്കുന്നതിനാൽ യാതൊരു പ്രയാസവുമില്ലാതെ ഇവിടെ കഞ്ചാവ് തഴച്ചു വളരുന്നു.സീസണിൽ നാൽപ്പതിനായിരം രൂപ വരെ ലഭിക്കുന്ന ഇവിടത്തെ കഞ്ചാവ് അതിർത്തി കടന്നു ബംഗ്ളാദേശ് വഴി ലോകകമ്പോളത്തിലേക്ക് പോകുന്നു.ഇവിടെ ജോലി ചെയ്യുന്നത് ബീഹാർ,യു.പി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വന്ന തൊഴിലാളികൾ ആണന്നേ തദ്ദേശീയർക്ക് അറിയൂ.തേയിലത്തോട്ടത്തിലെ പണിക്കാരും ഉത്തരേന്ത്യയിൽ നിന്നും ഇവിടെയെത്തിപ്പെട്ടവരാണ്.തോട്ടത്തിൽ പ്രത്യേകിച്ച് ലയങ്ങളൊന്നും ഇല്ല.മുളകുത്തിയുണ്ടാക്കിയ കുടിലുകളിൽ അവർ അന്തിയുറങ്ങുന്നു.ത്രിപുരയും ചൂടും തണുപ്പും അവരുടെ മുഖങ്ങളിൽ കാണാം.തോട്ടത്തിൽ എന്തു തൊഴിൽ ചെയ്താലും ഇരുന്നൂറ് രൂപയാണ് പ്രതിദിന ശമ്പളം.ജോലിയില്ലാത്ത ദിവസങ്ങളിൽ ശമ്പളവുമില്ല.രജിസ്റ്റർ ചെയ്യപ്പെട്ട ഒരു തൊഴിലാളിസംഘടനയും ഇവിടെ പ്രവർത്തിക്കുന്നില്ല.വോട്ടവകാശമുണ്ടോയെന്ന എന്റെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി.അവരും ഈ മഹത്തായ രാജ്യത്തിലെ പ്രജകളാണെന്ന് ഓർത്തപ്പോൾ എന്തുതരം ജനാധിപത്യത്തെ കുറിച്ചാണ് നമ്മൾ വാചാലരാകുന്നതെന്ന് ഞാൻ ചിന്തിച്ചു പോയി.ഇരുന്നൂറ് രൂപയ്ക്ക് ഒരുദിവസം കഴിയേണ്ടത് ഒരു കുടുംബമാണ്.ഒരു പനിവന്നാൽ മതി അതില്ലാതാകാൻ.മാർക്സ്,താങ്കൾ ഇവിടെ തോറ്റു പോയിരിക്കുന്നു.
തേയിലത്തോട്ടത്തിലെ കാഴ്ചകൾ മനംമടുപ്പിച്ചത് കൊണ്ട് ഞാൻ തിരികെ അമിതിന്റെ വീട്ടിലേക്ക് മടങ്ങി.അപ്പോഴേക്കും ഉച്ചയൂണ് വൈകിയെന്ന പറഞ്ഞ് അമിതിന്റെ മാതാപിതാക്കൾ എന്നെ കോക്ബൊറ ഭാഷയിൽ ശാസിക്കാൻ തുടങ്ങി.സാധാരണയാത്രകളിൽ ഉച്ചയൂണ് ഒഴിവാക്കലാണ് എന്റെ രീതി.പക്ഷേ ഇവിടെ ആ കുടുംബത്തിന്റെ സ്നേഹശാസനകൾക്ക് മുന്നിൽ ഞാൻ അവരുടെ ചെറിയ തീൻമേശയ്ക്ക് മുന്നിലിരുന്നു.എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ചോറും പരിപ്പു കറിയും പപ്പടവും ആദ്യമെത്തി.ത്രിപുരി വിഭാഗക്കാർക്കിടയിലും ചോറും പരിപ്പും പപ്പടവും വിശേഷദിവസങ്ങളിൽ സാധാരണമത്രെ!കൂടെ ചിക്കൻ കറിയുമെത്തി.അരിഞ്ഞ സവാളയും എരിവുള്ള പച്ചമുളകും അകമ്പടിയായെത്തിയപ്പോൾ ഉച്ചയൂണ് കുശാൽ.വാസ്തവത്തിൽ കേരളത്തിൽ നിന്നും വിട്ടിട്ട് ഒരു മാസത്തിലേറെയായതിനാൽ ഈ സദ്യ എന്നെ വല്ലാതെ തൃപ്തിപ്പെടുത്തി.

തിരികെ യാത്രയ്ക്കുള്ള ജീപ്പ് അമിതിന്റെ അമ്മാവൻ ഏർപ്പാട് ചെയ്തിരുന്നു.ആതിഥ്യമര്യാദയുടെ കാര്യത്തിൽ നാഗരികരെന്ന് സ്വയം വിശ്വസിക്കുന്നവർ ഇവരെയൊക്കെ കണ്ടു ചിലതു പഠിക്കാനുണ്ട്.ജെ.എൻ.യുവിൽ പഠിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇതിനിടെ അമിത് എന്നോട് പറഞ്ഞിരുന്നു.മൊബൈൽ ട്രാൻസ്ലേറ്ററിന്റെ സഹായത്തോടെ ഞാനീ ആഗ്രഹം അമിതിന്റെ അമ്മയോട് സ്വകാര്യമായി പങ്കുവച്ചപ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകയായിരുന്നു.സാമ്പത്തിക സ്ഥിതി അനുവദിച്ചാൽ അവന്റെ ആഗ്രഹം നടക്കുമെന്ന് ആ അമ്മ അവരുടെ ഭാഷയിൽ പറഞ്ഞതും കൈയ്യിലെ യന്ത്രം മൊഴിമാറ്റി തന്നു.അടുത്ത നിമിഷം ഞാനും യന്ത്രമാകുമെന്ന് തോന്നിയത് കൊണ്ട് ജീപ്പിന്റെ മുൻ സീറ്റിലേക്ക് ഞാൻ കയറി പറ്റി.അതിർത്തിക്കപ്പുറത്തെ മനുഷ്യർ കമ്പിവേലിയുടെ ഇടയിലൂടെ ഞങ്ങളെ അപ്പോഴും സാകൂതം നോക്കുന്നുണ്ടായിരുന്നു.

Read part-1: https://www.emalayalee.com/vartha/379792

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക