
ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്ത് ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലിരുന്നാണ് ഈ കുറിപ്പെഴുതുന്നത്.ബംഗ്ളാദേശ് അതിർത്തിയിൽ നിന്നും വെറും മൂന്ന് കിലോമീറ്റർ അകലെ.ത്രിപുരയിലെ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ ഇനി പതിനേഴ് മാസങ്ങൾ മാത്രമേ ഉള്ളൂവെന്നതിനാൽ ഇവിടെത്തെ രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കാൻ വേണ്ടിയാണ് ഞാനും യുവജേർണലിസ്റ്റ് യദുകൃഷ്ണൻ പി അയ്യല്ലൂരും കേരളത്തിൽ നിന്നും കാർ മാർഗ്ഗം ത്രിപുരയിലെത്തിയത്.മേഘാലയ കുന്നുകൾ താണ്ടി ആസ്സാമിലെ സിൽചാറിലെത്തി അവിടെ നിന്നും അഗർത്തലയിലേക്കുള്ള ഡ്രൈവിംഗ് അത്യന്തം ദുഷ്കരമായിരുന്നു.റോഡുകൾ ഇല്ലായെന്നു തന്നെ പറയാം.വടക്കൻ ത്രിപുര വഴിയാണ് അഗർത്തലയിലെക്ക് എത്തുന്നത്.ഗോത്ര ഗ്രാമങ്ങൾ താണ്ടിയുള്ള യാത്രയിൽ ദാരിദ്ര്യം കാണാൻ യാതൊരു പ്രയാസവുമില്ല.തകരഷീറ്റുകളാൽ നിർമ്മിതമായ വീടുകൾക്ക് പുറമേ മുളകൊണ്ടുള്ള വീടുകളും കണ്ടു.പ്രധാനമന്ത്രിയുടെ ഭവനനിർമ്മാണ പദ്ധതി പ്രകാരം ലഭിച്ചതാണത്രെ തകരത്തിൽ തീർത്ത കിടപ്പാടങ്ങൾ.ഒരു ശരാശരി മലയാളിക്ക് ഇത്തരം വീടുകൾ ചിന്തിക്കാൻ പോലും സാധ്യമാകില്ല.ഓരോ ഇരുപത് കിലോമീറ്റർ പിന്നിടുമ്പോഴും ഗോത്രവർഗ്ഗ ചന്തകൾ കാണാം.ആദിവാസികളായ സ്ത്രീകൾ അവരുടെ കാർഷിക ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നയിടങ്ങളാണിത്.വെറും കൗതുകത്തിനപ്പുറം വേറിട്ട ജീവിത കാഴ്ചകൾ എന്നിൽ ജനിപ്പിച്ചത് ഇവിടത്തെ ഉത്തരവാദിത്വപ്പെട്ട രാഷട്രീയ നേതൃത്വങ്ങളോടുള്ള ദേഷ്യമാണ്.

ഫോട്ടോ-യദുകൃഷ്ണൻ പി അയ്യല്ലൂർ
അഗർത്തലയിലെത്തി ഞാനാദ്യം കണ്ടത് സി.പി.എം ത്രിപുര സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ ജിതേന്ദ്ര ചൗധരിയെയാണ്.നൂറു ശതമാനം കമ്മ്യൂണിസ്റ്റായ പോളിറ്റ് ബ്യൂറോ അംഗം.ഇത്രയും ലാളിത്യം കേരളത്തിലെ ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറിയിൽ നിന്നു പോലും പ്രതീക്ഷിക്കാനാവില്ല.ബി.ജെ.പി-തിപ്രാ മോത്ത സഖ്യമാണിപ്പോൾ ത്രിപുര ഭരിക്കുന്നത്.ബി.ജെ.പിയെന്നാൽ പഴയ കോൺഗ്രസ്സുകാരുടെ ഇടത്താവളമാണെന്ന് മനസ്സിലായി.മുഖ്യമന്ത്രി ഡോ.മാണിക് സാഹയും മറ്റൊരു മന്ത്രിയും മാത്രമേ പരമ്പരാഗത ബി.ജെ.പിക്കാരായുള്ളൂ.ബാക്കിയെല്ലാം പഴയ കോൺഗ്രസ്സുകാർ.ത്രിപുര ഭരിച്ചിരുന്ന രാജവംശത്തിലെ ഇങ്ങേയറ്റത്തെ കണ്ണിയും ബിസിനസ്സു കാരനുമായ പ്രദ്യുത് ബിക്രം മാണിക് ബർമ്മയാണ് തിപ്രാ മോത്തയുടെ നേതാവ്. ത്രിപുരയിലാണ് രാഷ്ട്രീയ പ്രവർത്തനമെങ്കിലും അദ്ദേഹം കൂടുതൽ സമയവും ഷില്ലോങിലാണുള്ളത്.ഒരുതരം മാടമ്പി രാഷ്ട്രീയമാണ് തിപ്രാ മോത്തയുടേത്.ഗ്രാമീണർക്കിടയിൽ പണം,മദ്യം,വസ്ത്രങ്ങൾ മുതലായവ നൽകി വോട്ടു പിടിക്കുന്ന ഉത്തരേന്ത്യൻ ശീലം ത്രിപുരയിലെ കുന്നുകളിലും തിപ്രാ മോത്ത വിജയകരമായി പരീക്ഷിക്കുന്നു.പരമ്പരാഗത ഇടതുപക്ഷ വോട്ടു ബാങ്കുകളിൽ വലിയ തോതിലുള്ള വിള്ളലുണ്ടാക്കാൻ തിപ്രാ മോത്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്.ആർ.എസ്.എസിന് കാര്യമായ വളക്കൂറുള്ള മണ്ണല്ല ത്രിപുര.പക്ഷേ കേന്ദ്രത്തിലെ അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ച് ബി.ജെ.പി അവരുടെ വോട്ട് ബാങ്ക് വികസിപ്പിക്കുന്നുണ്ട്.സാമ്പത്തികമായി വളരെ പിന്നിൽ നിൽക്കുന്ന ഇടതുപക്ഷ കക്ഷികൾക്ക് മുന്നോട്ട് പോകാനുള്ള ഇന്ധനം അവരുടെ പ്രത്യയശാസ്ത്ര അടിത്തറ തന്നെയാണ്.ഗിരിവർഗ്ഗക്കാരുടെ ഇടയിൽ പ്രവർത്തിക്കുന്ന ട്രൈബൽ യൂത്ത് ഫെഡറേഷന്റെ സെക്രട്ടറി കുമുദത്തോട് സംസാരിക്കുമ്പോൾ ഈ പ്രത്യയശാസ്ത്ര പ്രതിബദ്ധത നമുക്ക് ബോധ്യപ്പെടും.സി.പി.എമ്മിന്റെ അടിത്തറയായ ഗണമുക്തി പരിഷത്തിന്റെ യുവജനവിഭാഗമാണ് ട്രൈബൽ യൂത്ത് ഫെഡറേഷൻ.ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയനാണ് അവരുടെ വിദ്യാർത്ഥി സംഘടന.ചെറുപ്പക്കാർ പുതുതായി ഇടതുപക്ഷ സംഘടനകളിലേക്ക് കടന്നു വരുന്നില്ലെന്ന പരാതി ഇവർക്കുണ്ട്.ജെൻസീയെ ആകർഷിക്കാനുള്ള പുതിയ പരിപാടികൾ നടപ്പിലാക്കാൻ പ്രായം ചെന്ന നേതാക്കളുടെ നിലപാടുകൾ തടസ്സമാകുന്നുണ്ടെന്ന സത്യവും പേരു വെളിപ്പെടുത്തരുതെന്ന നിർബന്ധത്തോടെ ചില യുവജനനേതാക്കൾ എന്നോട് പറഞ്ഞു.
ഇപ്പോഴും ഇരുപത് വർഷം പിന്നിലാണ് അഗർത്തല നഗരം.കേവലം അഞ്ചു കിലോമീറ്റർ ചുറ്റളവിൽ നഗരം കഴിയും.പഴയ സൈക്കിൾ റിക്ഷകളിൽ ബാറ്ററി ഉപയോഗിച്ചുള്ള ചെറിയ എൻജിനുകൾ ഘടിപ്പിച്ചിട്ടുണ്ട്.അഗർത്തല നഗരത്തിൽ മാത്രമേ ഇവയ്ക്ക് സഞ്ചരിക്കാൻ സാധിക്കൂ.കയറ്റം കയറില്ല.സാധാരണക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഈ അപരിഷ്കൃത സംവിധാനത്തെ തന്നെയാണ്.നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ബട്ടാല മാർക്കറ്റ് അത്യന്തം വൃത്തിഹീനമാണ്.ഇവിടത്തെ കച്ചവടക്കാർ കൂടുതലും അഗർത്തലയ്ക്ക് പുറത്ത് നിന്നും വന്നിട്ടുള്ളവരാണ്.മുഷിഞ്ഞ വസ്ത്രങ്ങളും ശുചിത്വമില്ലായ്മയും വളരെ പ്രകടം.എല്ലാവരും പാൻ പോലുള്ള ലഹരി പദാർത്ഥങ്ങൾ ചവയ്ക്കുന്നു.ഇത്തരം ലഹരി വസ്തുക്കൾ വിൽക്കുന്ന നൂറ് കണക്കിന് പെട്ടിക്കടകൾ അഗർത്തല നഗരത്തിൽ കാണാം.മാല പോലെ തൂക്കിയിട്ടിരിക്കുന്ന പാൻമസാല മാലകൾ എല്ലായിടത്തും തൂങ്ങി കിടപ്പുണ്ട്.വൻകിട കാറുകൾ നഗരത്തിൽ ഇല്ലേയില്ല.ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കാരും ഉപയോഗിക്കുന്ന ഇന്നോവക്കാറുകൾ മാത്രമാണ് ഇതിന് ഒരു അപവാദം.നഗരത്തിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർ തികച്ചും അലസരാണ്.നഗരചത്വരങ്ങളിലെ ട്രാഫിക് ഐലൻഡുകളിൽ കയറി നിന്ന് ട്രാഫിക് നിയന്ത്രിക്കുന്ന പഴയ കാഴ്ച ഇപ്പോഴും കാണണമെങ്കിൽ ത്രിപുരയിൽ തന്നെ എത്തണം.ട്രാഫിക് ലൈറ്റുകള ഇല്ലായെന്നല്ല.വളരെ കുറവാണ്.

ഫോട്ടോ-യദുകൃഷ്ണൻ പി അയ്യല്ലൂർ
ദേശീയ ദിനപത്രങ്ങൾ ത്രിപുരയിലെത്തുന്നത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്.കൊൽക്കട്ടയിൽ നിന്നും വിമാനമാർഗ്ഗം മാത്രമേ ഇവ അഗർത്തലയിലെത്തൂ.പത്രത്തിന്റെ വിലയ്ക്ക് പുറമേ ഏഴു രൂപ സർച്ചാർജ്ജ് കൂടി കൊടുത്തു വേണം ഇവ വാങ്ങിക്കുവാൻ.ലോക്കൽ പത്രങ്ങൾ രാവിലെ ലഭിക്കുമെങ്കിലും അവ ലഭിക്കുന്നയിടം കണ്ടെത്താൻ വളരെയേറെ ബുദ്ധിമുട്ടേണ്ടി വരും.ബംഗാളിയിലാണ് ലോക്കൽ പത്രങ്ങൾ അച്ചടിക്കുന്നത്.ബംഗാളിയും കോക്കബോറോയുമാണ് ത്രിപുരയിലെ ഔദ്യോഗിക ഭാഷകൾ.കോക്കബോറോയ്ക്ക് എഴുത്ത് ലിപിയില്ല.അതുകൊണ്ട് തന്നെ ഈ ഭാഷയിൽ പത്രങ്ങളോ മറ്റു പ്രസിദ്ധീകരണങ്ങളോയില്ല.വളരെ സമ്പന്നമായ ഈ ഭാഷ കാലക്രമേണ ക്ഷയിക്കുന്നതിന്റെ ലക്ഷണങ്ങൾ വളരെ പ്രകടമാണ്.നേരത്തെ സൂചിപ്പിച്ച തിപ്രാ മോത്ത എന്ന രാഷ്ട്രീയ പാർട്ടിയുടെ തലവനായ പ്രദ്യുത് ബർമ്മയ്ക്ക് കോക്കബോറ സംസാരിക്കാനറിയില്ലെന്നത് അദ്ദേഹത്തെ കളിയാക്കാനായി എതിർ രാഷ്ട്രീയ കക്ഷികൾ പറയുന്നുണ്ട്.അസ്തിത്വ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ ത്രിപുരയിൽ പണാധിപത്യത്തിന്റെ പുതിയ രാഷ്ട്രീയം വിളയിക്കാൻ നാട്ടുകാർ സംസാരിക്കുന്ന ഭാഷ പോലും അറിയണമെന്നില്ലെന്ന പുതിയ വിവരം എനിക്ക് മനസ്സിലായി.ഹിന്ദുത്വ രാഷ്ട്രീയമൊന്നും ത്രിപുരയിൽ ആഴത്തിൽ വേരോടിയിട്ടില്ല.പണം തന്നെയാണ് ബി.ജെ.പിയുടേയും ആയുധം.കൂടെ ഗുണ്ടായിസവും.മൽസ്യകൃഷി നടത്തുന്ന ഒരു ഗ്രാമീണന്റെ കുളത്തിൽ,അയാൾ സി.പി.എം പ്രവർത്തകനായതു കൊണ്ട് ബി.ജെ.പിക്കാർ വിഷം കലർത്തിയ കാഴ്ചയ്ക്കും ഞാൻ സാക്ഷിയായി.
സുപ്രീം കോടതി നിർദ്ദേശ പ്രകാരം കഴിഞ്ഞ പത്തു വർഷങ്ങളായി നടക്കാതിരുന്ന വില്ലേജ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താൻ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിഫിക്കേഷൻ ഇറങ്ങിയിട്ടുണ്ട്.നാമനിർദ്ദേശ പത്രിക വാങ്ങാൻ ചെന്ന സി.പി.എം പ്രവർത്തകരേയും കോൺഗ്രസ്സുകാരെയും ബി.ജെ.പി-തിപ്രാമോത്ത പ്രവർത്തകർ പലയിടത്തും തടയുന്നതായുള്ള വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു.ഇന്ന് രാവിലെ സി.പി.എമ്മിന്റെ കർഷക സംഘടനയുടെ മീറ്റീങ്ങിനെത്തിയ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം വിജുകൃഷ്ണനാണ് ഈ വാർത്ത എന്നോട് പറഞ്ഞത്.ത്രിപുര ഇൻഫോ ഡോട്ട് കോം എന്ന ഓൺലൈൻ മാധ്യമത്തിന്റെ ലേഖകൻ ശേഖരദായും ഇതേ വാർത്ത എന്നോട് പറഞ്ഞിരുന്നു.അടുത്ത മാസം രണ്ടാം തീയതിയാണ് ഈ തെരഞ്ഞെടുപ്പ്.കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ശൈലിയിലുള്ള ഈ തെരഞ്ഞെടുിപ്പ് കാലം നാളെ മൂന്നാം തീയതിയോട് കൂടി ആരംഭിക്കും.അതിന്റെ വാർത്തകൾ അടുത്ത കുറിപ്പിൽ.