Image

കാന്തപുരത്തിന്റെ പ്രസ്താവന: നിലപാടിൽ മാറ്റമില്ല; കൂടിക്കാഴ്ച മുൻപ് നിശ്ചയിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Published on 09 September, 2026
കാന്തപുരത്തിന്റെ പ്രസ്താവന: നിലപാടിൽ മാറ്റമില്ല; കൂടിക്കാഴ്ച മുൻപ് നിശ്ചയിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് താൻ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ കൃത്യമായ കാര്യങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും നിലപാടിൽ എന്തെങ്കിലും തിരുത്തുണ്ടെങ്കിൽ തെറ്റുപറ്റിയെന്ന് മാധ്യമങ്ങളോട് നേരിട്ട് തുറന്നുപറയാൻ തനിക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എ.പി വിഭാഗം നേതാക്കൾ തന്നെ വന്നു കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​കാന്തപുരത്തിന്റെ നിലപാടുകളോട് വിയോജിപ്പ് രേഖപ്പെടുത്തി താൻ പങ്കുവെച്ച കാര്യങ്ങൾ ഇപ്പോഴും സമൂഹമാധ്യമ അക്കൗണ്ടുകളിലുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വീഡിയോയുടെ ഒരു ഭാഗം മാത്രം മുറിച്ചുമാറ്റി മറ്റൊരു പോസ്റ്റാക്കി മാറ്റുന്നതിനിടെ ക്രോസ് പോസ്റ്റിങ്ങിന്റെ സാങ്കേതിക പ്രശ്നങ്ങളാൽ കുറച്ചുനേരത്തേക്ക് അത് കാണാതിരുന്നതിനെയാണ് ചില മാധ്യമങ്ങൾ നിലപാട് മാറ്റമായി ചിത്രീകരിച്ചത്. സാങ്കേതിക കാരണങ്ങളെ വളച്ചൊടിച്ച് തെറ്റായ വ്യാഖ്യാനങ്ങൾ നൽകുകയായിരുന്നുവെന്നും തന്റെ നിലപാടുകൾ എപ്പോഴും സുതാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

​എ.പി വിഭാഗം നേതാക്കളുമായുള്ള കൂടിക്കാഴ്ച പെട്ടെന്നുണ്ടായ ഒന്നല്ലെന്നും മൂന്നാഴ്ച മുൻപ് തന്നെ നിശ്ചയിച്ചുറപ്പിച്ചതാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. രാവിലെ വാർത്താസമ്മേളനം നടത്തിയതറിഞ്ഞ് നേതാക്കൾ അന്നുരാത്രി തന്നെ തിരുവനന്തപുരത്തെത്തി കണ്ടുവെന്ന വാദം അസംബന്ധമാണ്. മുൻനിശ്ചയിച്ച പ്രകാരം അന്നേദിവസം രാവിലെ തന്നെ നേതാക്കൾ തലസ്ഥാനത്ത് എത്തിയിരുന്നു. വൈകുന്നേരം അവർ തന്റെ ഓഫീസിലെത്തിയതിനെ നിലപാട് മാറ്റവുമായി കൂട്ടിക്കെട്ടി പ്രചരിപ്പിക്കുകയാണുണ്ടായതെന്നും കാന്തപുരത്തിന്റെ പരാമർശവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതിൽ ഒരു മാറ്റവുമില്ലെന്നും വി.ഡി. സതീശൻ ആവർത്തിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക