
തിരുവനന്തപുരം: വിവാദമായ സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ തലത്തിൽ ധാരണയായി. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മിൽ നടത്തിയ നിർണായക ചർച്ചയിലാണ് തീരുമാനം. കോടികളുടെ അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ കേസ് വിജിലൻസിന് വിടാനാണ് ധാരണ. നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമോ അതോ പ്രാഥമികാന്വേഷണത്തിന് ശേഷം മതിയോ എന്ന കാര്യത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചാലുടൻ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ മകൾ വഴി 3.28 കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് ഇ.ഡിയുടെ പ്രധാന കണ്ടെത്തൽ. മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് കൈക്കൂലി കൈപ്പറ്റാനും, ഈ പണം വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്ക് കടത്താനും നേതൃത്വം നൽകിയെന്ന ഗുരുതരമായ ആരോപണവും ഇ.ഡിയുടെ കത്തിലുണ്ട്. മുഖ്യമന്ത്രി, മുൻമന്ത്രി, വീണ എന്നിവരുൾപ്പെടെ സ്ഥാപനങ്ങളും വ്യക്തികളുമായി 12 പേരുടെ പട്ടികയാണ് ഇ.ഡി സംസ്ഥാന സർക്കാരിന് കൈമാറിയത്. അഴിമതി നിരോധന നിയമപ്രകാരം ഇവർക്കെതിരെ കേസെടുക്കണമെന്നാണ് ഇ.ഡിയുടെ ശുപാർശ.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പി.എം.എൽ.എ) സെക്ഷൻ 66(2) പ്രകാരമാണ് അന്വേഷണത്തിനിടെ കണ്ടെത്തിയ അനുബന്ധ കുറ്റകൃത്യങ്ങളുടെ തെളിവുകൾ ഇ.ഡി സംസ്ഥാന ഏജൻസിക്ക് കൈമാറിയിരിക്കുന്നത്. ഇ.ഡി നൽകുന്ന വിവരങ്ങൾ പ്രാഥമിക സൂചനകളായി മാത്രമേ കണക്കാക്കൂ എന്നതിനാൽ, സ്വന്തം നിലയിൽ തെളിവുകളും മൊഴികളും ശേഖരിച്ച് മുന്നോട്ടുപോകാനാണ് വിജിലൻസിന്റെ നീക്കം. മുൻ ഭരണനേതൃത്വത്തിനെതിരെ ഉയർന്ന ഏറ്റവും വലിയ സാമ്പത്തിക അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കപ്പെടുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ വൻ കോളിളക്കത്തിന് വഴിവെക്കും.