
തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയിൽ പദ്ധതി യാഥാർഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി നിർണായക കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ സമഗ്രവും സുസ്ഥിരവുമായ ദീർഘകാല വളർച്ച ഉറപ്പാക്കുന്നതിനായി പ്രധാന കണക്റ്റിവിറ്റി-വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച് വിശദവും ഫലപ്രദവുമായ ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കുശേഷം വ്യക്തമാക്കി.
നിർദിഷ്ട കേരള ഹൈ സ്പീഡ് റെയിൽ (കെ.എസ്.എച്ച്.ആർ) പദ്ധതിയുടെ പുതുക്കിയ രൂപരേഖയാണ് ഇ. ശ്രീധരൻ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചത്. പുതിയ രൂപരേഖ പ്രകാരം തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള 465 കിലോമീറ്റർ ദൂരം വെറും മൂന്ന് മണിക്കൂർ 20 മിനിറ്റുകൊണ്ട് പിന്നിടാനാകും. നിർമാണച്ചെലവിലും വലിയ കുറവ് വരുത്തിയിട്ടുണ്ട്; മുൻപ് 86,000 കോടി രൂപയായി കണക്കാക്കിയിരുന്ന പദ്ധതിച്ചെലവ് 54,000 കോടി രൂപയായി കുറച്ചാണ് പുതിയ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.
സാധാരണക്കാർക്ക് താങ്ങാനാകുന്ന യാത്രാനിരക്കാണ് പദ്ധതിയുടെ പ്രധാന ആകർഷണമായി ശ്രീധരൻ ചൂണ്ടിക്കാണിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് 780 രൂപയായിരിക്കും നിർദിഷ്ട യാത്രാനിരക്ക്. ഈ നിരക്ക് റെയിൽവേയുടെ നിലവിലെ എ.സി ചെയർ കാർ ടിക്കറ്റ് നിരക്കിന് തുല്യമാണെന്നും കെ.എസ്.ആർ.ടി.സി എ.സി ബസ് നിരക്കിനേക്കാൾ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിവേഗ യാത്രാ സംവിധാനം സംബന്ധിച്ച മെട്രോമാന്റെ നിർദേശങ്ങൾ സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണ്.