Image

യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം: മരണത്തിൽ ദുരൂഹതയെന്ന് ആരോപണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാകും

Published on 09 September, 2026
യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം: മരണത്തിൽ ദുരൂഹതയെന്ന് ആരോപണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാകും

പെരളശ്ശേരി: വടക്കുമ്പാട് ചാപ്പയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ചാപ്പയിലെ താമത്ത് വളപ്പിൽ പരേതനായ നാണുവിന്റെയും ശോഭയുടെയും മകൻ എൻ.വി. സജേഷ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടിൽനിന്ന് അമ്മ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് ഓടിപ്പോകുന്നതിനിടെ വഴിയിൽ കുഴഞ്ഞുവീണ സജേഷിനെ നാട്ടുകാർ ഉടൻതന്നെ പെരളശ്ശേരി എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

​മാനസിക വെല്ലുവിളി നേരിടുന്ന സജേഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെത്തുടർന്ന് സഹോദരൻ സനീഷിനെ ചക്കരക്കൽ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വീട്ടിൽവെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും സഹോദരന്റെ മർദ്ദനമേറ്റതാണ് മരണകാരണമെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ, പ്രാഥമിക ഇൻക്വസ്റ്റ് പരിശോധനയിൽ യുവാവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളോ പരിക്കുകളോ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

​കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ബുധനാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂവെന്നും തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടത്തുന്നതിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക