
കണ്ണൂർ: ഒരു പതിറ്റാണ്ട് നീണ്ട ഇടത് ഭരണത്തിന് ശേഷം യു.ഡി.എഫ് മേധാവിത്വം നേടിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് ഭരണതലത്തിൽ പിടിമുറുക്കുന്നു. കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം ബാക്കിനിൽക്കെ സർവകലാശാല രജിസ്ട്രാർ ജോബി കെ. ജോസിനെ സിൻഡിക്കേറ്റ് അടിയന്തരമായി സ്ഥാനത്തുനിന്ന് നീക്കി. മുൻകൂർ നോട്ടീസോ വിശദീകരണമോ തേടാതെയാണ് അസാധാരണ നടപടി. സിൻഡിക്കേറ്റ് യോഗത്തിൽ പ്രത്യേക അജണ്ടയായി ഉൾപ്പെടുത്തിയാണ് രജിസ്ട്രാറെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ സർവകലാശാലയുടെ മുൻ നിലപാടുകൾ മാറ്റാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. പ്രിയയുടെ നിയമനത്തിൽ അപാകതയില്ലെന്ന മുൻ ഇടത് സിൻഡിക്കേറ്റിന്റെ നിലപാട് തിരുത്താനും, കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷകനെ മാറ്റാനും സർവകലാശാല കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
വർഷങ്ങൾക്ക് ശേഷം സർവകലാശാലാ ഭരണം യു.ഡി.എഫ് അനുകൂല സിൻഡിക്കേറ്റിന്റെ കൈകളിൽ എത്തിയതോടെ മുൻ ഭരണസമിതി എടുത്ത പല വിവാദ തീരുമാനങ്ങളും റദ്ദാക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭരണമാറ്റത്തിന് പിന്നാലെയുണ്ടായ രജിസ്ട്രാറുടെ ഈ അപ്രതീക്ഷിത പുറത്താക്കൽ സർവകലാശാലയിലും സംസ്ഥാന ഉന്നതവിദ്യാഭ്യാസ മേഖലയിലും വലിയ രാഷ്ട്രീയ-ഭരണപരമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.