
തിരുവനന്തപുരം: നഗരസഭയിൽ പട്ടികജാതി വനിതകൾക്കായുള്ള സ്വയംതൊഴിൽ സംരംഭക പദ്ധതിയുടെ സബ്‌സിഡി തുക വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസിൽ യുവതി വിജിലൻസിന്റെ പിടിയിലായി. തിരുവല്ലം സ്വദേശിനി എൽ. ബിന്ദുവിനെയാണ് (47) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വനിതാ സംരംഭക ഗ്രൂപ്പുകൾക്ക് അനുവദിച്ച ആനുകൂല്യം നൽകാതെ 1.26 കോടി രൂപ തിരിമറി നടത്തിയ കേസിലെ എട്ടാം പ്രതിയാണ് ബിന്ദു.
പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് വായ്പയുടെ സബ്‌സിഡിയായി അനുവദിച്ച 1.26 കോടി രൂപ വിതരണം ചെയ്തതായി വ്യാജരേഖകൾ ചമച്ചായിരുന്നു തട്ടിപ്പ്. അർഹരായ ഗുണഭോക്താക്കൾക്ക് തുക നൽകാതെ, തുക പൂർണമായും ഒരു സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് സംഘം കൈക്കലാക്കിയത്. ഇതിൽ മറ്റു പ്രതികളുമായി നടത്തിയ ഗൂഢാലോചനയിലൂടെ 36 ലക്ഷം രൂപ ബിന്ദുവിന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് എത്തിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
വൻ സാമ്പത്തിക തിരിമറി നടന്ന ഈ കേസിൽ ഉദ്യോഗസ്ഥരടക്കം നിരവധി പേർ നേരത്തെ അറസ്റ്റിലായിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ മുൻ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ പ്രവീൺ രാജ്, മുൻ എസ്.സി. പ്രൊമോട്ടർമാരായ എസ്. സിന്ധു, അജിത, പട്ടം സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ സോണി, ആധാരമെഴുത്തുകാരൻ സുരേഷ് ബാബു എന്നിവരാണ് നേരത്തെ പിടിയിലായത്. ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കിയ ബിന്ദുവിനെ റിമാൻഡ് ചെയ്തു.