
കുമളി: പതിനാറുകാരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്ത് കൊല്ലം പട്ടട സ്വദേശി ഗോഡ്‌സണെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഒളിസങ്കേതത്തിൽനിന്ന് പിടികൂടിയ ഇയാളെ കുമളിയിലെത്തിച്ച് ചോദ്യം ചെയ്തശേഷം പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാത്തതിനെതിരെ നാട്ടുകാരും ജനപ്രതിനിധികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെയും പീരുമേട് ഡിവൈ.എസ്.പിയുടെയും മേൽനോട്ടത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിനാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അച്ഛനുമായി പിരിഞ്ഞു കഴിയുന്ന അമ്മയ്ക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. ഇവിടെവെച്ച് പെൺകുട്ടി കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ നേരിട്ടിരുന്നതായും ഗോഡ്‌സന്റെ മോശം പെരുമാറ്റവും ഉപദ്രവവുമാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ പ്രതിചേർത്തതോടെ ഗോഡ്‌സൺ ഒളിവിൽ പോവുകയായിരുന്നു.
പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പീഡനവിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സുഹൃത്തായ കുമളി സ്വദേശി അഭിരാജിനെ ഓഗസ്റ്റ് 15-ന് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മരണത്തിന് കാരണക്കാരനായ ഗോഡ്‌സണെയും പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.