Image

109% വർധന: ദക്ഷിണേഷ്യൻ വംശജർ നിരന്തരം വിദ്വേഷ അക്രമത്തിനു ഇരയാവുന്നു (പിപിഎം)

Published on 09 September, 2026
109% വർധന: ദക്ഷിണേഷ്യൻ വംശജർ നിരന്തരം വിദ്വേഷ അക്രമത്തിനു ഇരയാവുന്നു (പിപിഎം)

ദക്ഷിണേഷ്യൻ വംശജർക്കെതിരായ വിദ്വേഷ പ്രകടനം യുഎസിൽ 109% വർധിച്ചതായി റിപ്പോർട്ട്. 2023 ജനുവരിക്കും 2025 ഡിസംബറിനും ഇടയ്ക്കുള്ള കണക്കാണ് 'സ്റ്റോപ്പ് എ എ പി ഐ ഹെയ്റ്റ്' ഹാജരാക്കുന്നത്.  

‘The State of Anti-South Asian Hate’ എന്ന സെപ്റ്റംബർ റിപ്പോർട്ടിൽ എടുത്തു പറയുന്നത് 2025ൽ 48% മുതിർന്ന ദക്ഷിണേഷ്യക്കാരും വിദ്വേഷ നടപടി നേരിട്ടു എന്നാണ്. ഓൺലൈൻ ആയാലും ദൈനംദിന ജീവിതത്തിൽ ആയാലും ദക്ഷിണേഷ്യൻ സമൂഹങ്ങൾ വളരെ ഉയർന്ന വിദ്വേഷം നേരിടുന്നുണ്ട്. നിരന്തരമായ കുടിയേറ്റ വിരുദ്ധ പ്രസ്താവനകളൂം നയങ്ങളും അതിനൊരു കാരണമാണ്. ദക്ഷിണേഷ്യക്കാർ യുഎസിൽ വർധിച്ചു വരുന്നത് മറ്റു പലർക്കും സഹിക്കുന്നില്ല.

ഏഷ്യക്കാർക്കെതിരെ 2024 ഓഗസ്റ്റിനും 2025 ഡിസംബറിനും ഇടയിൽ രേഖപ്പെടുത്തിയ വിദ്വേഷ അക്രമങ്ങളിൽ 71% ദക്ഷിണേഷ്യക്കാർക്കെതിരെ ആയിരുന്നു.

സ്റ്റോപ്പ് എ എ പി ഐ ഹെയ്റ്റ് ദേശീയ തലത്തിൽ നടത്തിയ സർവേയിൽ മുതിർന്ന പുരുഷന്മാർ പതിവായി നേരിടുന്നത് ഉപദ്രവങ്ങളാണെന്നു കണ്ടു. കുടിയേറ്റ നയങ്ങളിലെ മാറ്റവും അതു നടപ്പാക്കുന്നതിനു മുൻപുള്ള ശബ്ദഘോഷവും വിദ്വേഷം മൂർച്ഛിക്കാൻ കാരണങ്ങളായി കാണുന്നു.

ഇന്റെർനെറ്റിലാണ് മുതിർന്ന ദക്ഷിണേഷ്യക്കാർ ഏറ്റവുമധികം ആക്രമണം കാണുന്നത്: 49%. പൊതു ഇടങ്ങൾ, പാർക്കുകൾ, വാഹന പാർക്കിങ്ങുകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ 40% വരെ വിദ്വേഷം കാണുന്നു. പൊതു ഗതാഗത സംവിധാനം, ബിസിനസ് സ്ഥലങ്ങളിലും ഉയർന്നു തന്നെ കാണാം.

ജോലി ചെയ്യുന്ന സ്ഥലത്തു വംശീയ, കുടിയേറ്റ വിരുദ്ധ വിദ്വേഷം അനുഭവിച്ചതായി ഒരു ഇന്ത്യൻ സ്ത്രീ ടെക്സസിൽ പറഞ്ഞു. ജോർജിയയിൽ തന്നെയും മറ്റു ചിലരെയും ഒരു സ്ത്രീ 'കൊലയാളികൾ' എന്നും 'ബലാത്സംഗക്കാർ' എന്നും വിളിച്ചതായി ഒരു ഇന്ത്യക്കാരിയുടെ പരാതിയുണ്ട്. ഐ സി ഇയെ വിളിച്ചു ഇന്ത്യയിലേക്കു നാട് കടത്താൻ ആവശ്യപ്പെടുമെന്നു അവർ ഭീഷണി മുഴക്കുകയും ചെയ്തു.

വിർജീനിയയിലെ ഒരു തായ് റെസ്റ്റോറന്റിൽ അപരിചിതനായ ഒരാൾ തന്നെ സമീപിച്ചു വംശീയ വിദ്വേഷം ചൊരിഞ്ഞെന്നു ഒരു ഇന്ത്യക്കാരൻ പറഞ്ഞു. "നിന്നെയും കൂട്ടുകാരെയും പുറത്തു വച്ചു കാണാം" എന്നും വിരട്ടി.

 ഈ വിദ്വേഷ ആക്രമണങ്ങൾ മാനസികവും ശാരീരികവും സാമ്പത്തികവും സാമൂഹ്യവുമായി ബാധിച്ചിട്ടുണ്ടെന്നു ദക്ഷിണേഷ്യക്കാർ പറയുന്നു.

Anti-South Asian slurs surge 109% in US

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക