
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'കള്ളന്മാരുടെ സർദാർ', 'കമാൻഡർ ഇൻ തീഫ്' എന്നിങ്ങനെ വിശേഷിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ അപകീർത്തി കേസ് നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ച് ബോംബെ ഹൈക്കോടതി. മുംബൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസും തുടർനടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി ജസ്റ്റിസ് നിതിൻ ബോർക്കറുടെ സിംഗിൾ ബെഞ്ച് തള്ളി. ഇതോടെ കേസിൽ രാഹുൽ ഗാന്ധി വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായി.
തന്റെ പ്രസ്താവനയിലോ ട്വീറ്റിലോ ബി.ജെ.പിയുടെ പേര് എടുത്തുപറഞ്ഞിട്ടില്ലെന്നും അതിനാൽ ഒരു പാർട്ടി പ്രവർത്തകന് മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ അർഹതയില്ലെന്നുമുള്ള രാഹുൽ ഗാന്ധിയുടെ വാദം കോടതി പൂർണമായും തള്ളി. രജിസ്റ്റർ ചെയ്യപ്പെട്ട ദേശീയ പാർട്ടിയെന്ന നിലയിൽ ബി.ജെ.പി വ്യക്തമായ ഘടനയുള്ള സംഘടനയാണെന്ന് ശശി തരൂരിന്റെ കേസിലെ ഡൽഹി ഹൈക്കോടതി ഉത്തരവ് ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. പാർട്ടിയുടെ പ്രധാന നേതാവായ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് സംഘടനയിലെ അംഗങ്ങളെ എങ്ങനെ ബാധിച്ചുവെന്നത് വിചാരണയിലൂടെ മാത്രമേ വ്യക്തമാകൂ എന്നും, അതിനാൽ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രധാനമന്ത്രിയെ കള്ളന്മാരുടെ തലവനെന്ന് വിളിച്ചതിലൂടെ ബി.ജെ.പിയിലെ പ്രവർത്തകരെ മുഴുവൻ കള്ളന്മാരായി ചിത്രീകരിക്കുകയും പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തുകയുമാണ് ചെയ്തതെന്ന് കാണിച്ച് ബി.ജെ.പി പ്രവർത്തകനായ മഹേഷ് ശ്രീശ്രീമൽ ആണ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. വിചാരണ നേരിടാതെ തന്നെ നടപടികൾ റദ്ദാക്കാനാകില്ലെന്ന മഹാരാഷ്ട്ര അഡ്വക്കേറ്റ് ജനറൽ ഡോ. മിലിന്ദ് സാഥെയുടെ വാദവും കോടതി ശരിവെച്ചു. ഹർജി തള്ളിയതോടെ മജിസ്ട്രേറ്റ് കോടതിയിലെ കേസിൽ രാഹുൽ ഗാന്ധിക്ക് നേരിട്ട് ഹാജരാകേണ്ടി വരും.