
മലപ്പുറം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിൽ മുസ്ലിം ലീഗിനെയും യു.ഡി.എഫ് സർക്കാരിനെയും രൂക്ഷമായി പരിഹസിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. ഇടതുപക്ഷ ഭരണകാലത്ത് പദ്ധതിക്കെതിരെ തെരുവിൽ പടനയിച്ച മുസ്ലിം ലീഗും യൂത്ത് ലീഗും ഇപ്പോൾ ഈർച്ചമരത്തിന്റെ ആപ്പിൽ വാല് കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയിലാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി. പി.എം ശ്രീ നടപ്പാക്കി കിട്ടുന്ന കേന്ദ്രഫണ്ട് വേണ്ടെന്ന പ്രചാരണത്തിന്റെ സന്തതിയാണ് നിലവിലെ യു.ഡി.എഫ് സർക്കാരെന്നും, ബി.ജെ.പി സർക്കാരിന്റെ കെണിയിൽ പോയി തലവെക്കാനാണ് മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രിയും ശ്രമിക്കുന്നതെന്നും ജലീൽ ആരോപിച്ചു.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സിലബസിൽ കൈകടത്താതെയുള്ള കേന്ദ്രസഹായം പ്രതീക്ഷിച്ച് ഒപ്പുവെച്ച പദ്ധതി ജനങ്ങളുടെയും വിവിധ സംഘടനകളുടെയും വിയോജിപ്പ് മാനിച്ച് മരവിപ്പിച്ചിരുന്നതാണെന്ന് കുറിപ്പിൽ പറയുന്നു. അന്ന് ഒരു തുടർനടപടിയും സ്വീകരിക്കാതെ സ്‌കൂളുകളുടെ പട്ടികപോലും നൽകാതിരുന്ന പദ്ധതിയാണ് യു.ഡി.എഫ് സർക്കാർ വീണ്ടും പൊടിതട്ടിയെടുത്ത് നടപ്പാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പി.എം ശ്രീയെ മുൻനിർത്തി മുസ്ലിം ലീഗും ചില സംഘടനകളും ചേർന്ന് നടത്തിയ പ്രചാരണങ്ങൾ മറക്കാനാവില്ലെന്നും, അന്ന് ഉറഞ്ഞുതുള്ളിയിരുന്ന സമുദായ നേതാക്കളെയൊന്നും ഇപ്പോൾ കാണാനില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കേന്ദ്രത്തിൽനിന്ന് പണം വാങ്ങാൻ മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെയും മന്ത്രിസഭാ ഉപസമിതിയുടെയും പച്ചക്കൊടിയുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇതിനിടെ പദ്ധതിക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചത് ലീഗിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തങ്ങളുടെ പ്രസ്താവന മാനിച്ച് യു.ഡി.എഫ് സർക്കാർ പദ്ധതിയിൽനിന്ന് പിന്മാറുമോ അതോ 'ഞാനൊന്നുമറിയില്ല' എന്ന മട്ടിൽ ലീഗ് നിലപാട് മാറ്റുമോയെന്ന് കണ്ടറിയണമെന്നും, പാണക്കാട് തങ്ങന്മാരുടെ വാക്കും പഴയ ചാക്കും ഒരുപോലെയാകാതിരുന്നാൽ ഭാഗ്യമാണെന്നും ജലീൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.