
കൊൽക്കത്ത: സനാതന പാരമ്പര്യത്തിനും ബംഗാളിന്റെ സംസ്കാരത്തിനും അനുസൃതമായി മാത്രമേ ഇത്തവണത്തെ ദുർഗാപൂജ ആഘോഷങ്ങൾ സംഘടിപ്പിക്കാവൂ എന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. പൂജയോടനുബന്ധിച്ച് വിളിച്ചുചേർത്ത ഉന്നതതല ഏകോപന യോഗത്തിലാണ് മുഖ്യമന്ത്രി പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്. ദുർഗാഷ്ടമി ദിനത്തിൽ സംസ്ഥാനത്ത് മദ്യവിൽപന പൂർണമായി നിരോധിച്ച സർക്കാർ, പൂജകളുടെ പേരിൽ പൊതുവഴികൾ തടസ്സപ്പെടുത്തുന്നതിനും ഡി.ജെ സംഗീത പരിപാടികൾക്കും വിലക്കേർപ്പെടുത്തി. മുൻ മമത ബാനർജി സർക്കാർ ഓരോ പൂജാ കമ്മിറ്റിക്കും നൽകിവന്നിരുന്ന 1.10 ലക്ഷം രൂപയുടെ ഗ്രാന്റ് പുതിയ സർക്കാർ പൂർണമായി ഒഴിവാക്കി. മുഖ്യമന്ത്രിയെന്ന നിലയിൽ മതപരമായ ഉത്സവങ്ങൾക്ക് സർക്കാർ ഖജനാവിൽനിന്ന് പണം അനുവദിക്കാനാവില്ലെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി.
മുൻ സർക്കാരിന്റെ കാലത്ത് കൊൽക്കത്തയിലെ റെഡ് റോഡിൽ സംഘടിപ്പിച്ചിരുന്ന പരമ്പരാഗത ദുർഗാപൂജാ കാർണിവൽ ഇത്തവണ ഉണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു. ഇതിന് പകരമായി ഉത്സവ സീസണിന്റെ തുടക്കം കുറിച്ച് സംസ്ഥാന ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ നേതൃത്വത്തിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വിപുലമായ സാംസ്കാരിക പരിപാടി സംഘടിപ്പിക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാനത്തിന്റെ മത-സാംസ്കാരിക പൈതൃകത്തിന് ഹാനികരമാകാത്ത രീതിയിലാണ് പുതിയ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഉത്സവ വേളയിൽ മാംസാഹാര വിൽപന നിരോധിക്കണമെന്ന ചില കോണുകളിൽ നിന്നുള്ള ആവശ്യം സർക്കാർ തള്ളി. പൂജാ സമയത്ത് ജനങ്ങൾ മാംസാഹാരം ഉപേക്ഷിക്കണമെന്ന് ബാഗേശ്വർ ധാം മേധാവി ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജനങ്ങളുടെ ഭക്ഷണശീലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് സർക്കാർ വ്യക്തമാക്കി. ബംഗാളിലെ ജനങ്ങൾ എന്ത് കഴിക്കണമെന്ന് അവർ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും, കാളി മാതാവിന് ആട്ടിറച്ചി നിവേദിക്കുന്ന പാരമ്പര്യത്തെക്കുറിച്ച് സ്വാമി വിവേകാനന്ദൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.