Image

6ജി നെറ്റ്‌വർക്ക് വികസനം; ടെലികോം വിപ്ലവത്തിൽ അമേരിക്ക ഉൾപ്പെടെ 24 രാജ്യങ്ങളുടെ സഖ്യത്തിൽ പങ്കാളികളായി ഇന്ത്യയും

Published on 08 September, 2026
6ജി നെറ്റ്‌വർക്ക് വികസനം; ടെലികോം വിപ്ലവത്തിൽ അമേരിക്ക ഉൾപ്പെടെ 24 രാജ്യങ്ങളുടെ സഖ്യത്തിൽ പങ്കാളികളായി ഇന്ത്യയും

ന്യൂഡൽഹി: ഭാവിയിലെ അതിവേഗ വിവരവിനിമയ സംവിധാനമായ ആറാം തലമുറ (6ജി) മൊബൈൽ നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനുള്ള ആഗോള സഖ്യത്തിൽ ഇന്ത്യയും പങ്കാളിയായി. ഇന്ത്യയും അമേരിക്കയും ഉൾപ്പെടെ ലോകത്തെ മുൻനിരയിലുള്ള 24 രാജ്യങ്ങളാണ് അടുത്ത തലമുറ നെറ്റ്‌വർക്കുകളുടെ നിർമ്മാണത്തിനും ഗവേഷണത്തിനുമായി കൈകോർക്കുന്നത്. ജി20 ഇന്നൊവേഷൻ മന്ത്രിതല സമ്മേളനത്തിന് പിന്നാലെ യു.എസ് വാണിജ്യ വകുപ്പാണ് ഇന്ത്യയുടെ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

​അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള ചാപ്പൽ ഹില്ലിൽ സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിൽ നടന്ന ജി20 ഇന്നൊവേഷൻ യോഗത്തിനിടെയാണ് സുപ്രധാന നീക്കമുണ്ടായത്. യു.എസ് വാണിജ്യ വകുപ്പും വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി പോളിസിയും (ഒ.എസ്.ടി.പി) ചേർന്നാണ് യോഗം സംഘടിപ്പിച്ചത്. സമ്മേളനത്തോടനുബന്ധിച്ച് കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ യു.എസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കുമായും കൂടിക്കാഴ്ച നടത്തി 6ജി സാങ്കേതികവിദ്യയുടെ ഭാവിയെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും വിശദമായ ചർച്ചകൾ നടത്തി.

​സുരക്ഷിതവും സുതാര്യവുമായ അടുത്ത തലമുറ ടെലികോം ശൃംഖല കെട്ടിപ്പടുക്കുകയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യം. പരസ്പരമുള്ള സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ആഗോളതലത്തിൽ മത്സരശേഷി വർദ്ധിപ്പിക്കാനും 6ജി ഗവേഷണങ്ങളിൽ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനും ഇന്ത്യ യു.എസിനും മറ്റ് പങ്കാളിത്ത രാജ്യങ്ങൾക്കുമൊപ്പം ചേർന്നതിൽ സന്തോഷമുണ്ടെന്ന് യു.എസ് വാണിജ്യവകുപ്പ് സമൂഹമാധ്യമമായ എക്സിലൂടെ വ്യക്തമാക്കി. ടെലികോം രംഗത്തെ സാങ്കേതിക വിപ്ലവത്തിൽ തുടക്കം മുതൽ തന്നെ ആഗോള നേതൃസ്ഥാനത്ത് നിലയുറപ്പിക്കാൻ ഇന്ത്യക്ക് പുതിയ നീക്കം വഴിയൊരുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക