Image

പാർട്ടിയെ 'പിണറായി ഫാൻസ് കമ്പനി'യാക്കിയത് ബേബിയും ഐസക്കും; തോൽവിയിൽ പിണറായിയെ മാത്രം പഴിചാരേണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകൻ ആസാദ്

Published on 08 September, 2026
പാർട്ടിയെ 'പിണറായി ഫാൻസ് കമ്പനി'യാക്കിയത് ബേബിയും ഐസക്കും; തോൽവിയിൽ പിണറായിയെ മാത്രം പഴിചാരേണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകൻ ആസാദ്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ ദയനീയ പരാജയത്തിന് ഉത്തരവാദി പിണറായി വിജയൻ മാത്രമല്ലെന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ആസാദ്. പാർട്ടിയുടെ ഇന്നത്തെ തകർച്ചയ്ക്ക് കാരണം കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി സി.പി.എമ്മിൽ നവലിബറൽ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴിയൊരുക്കിയ എം.എ. ബേബിയും തോമസ് ഐസക്കുമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പിണറായി വിജയനിൽ തെറ്റുകളെല്ലാം ചാര്ത്തി മേൽപ്പരപ്പിൽ തിരുത്തൽ വരുത്താമെന്നാണ് വ്യതിയാനങ്ങൾക്ക് നേതൃത്വം നൽകിയവർ കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.

​പിണറായി വിജയന്റെ മുഖത്തും പെരുമാറ്റത്തിലും ദേഷ്യവും വെറുപ്പുമെല്ലാം പ്രകടമാകുമ്പോൾ, എം.എ. ബേബിയും തോമസ് ഐസക്കും ചിരിയും മൃദുവായ സംസാരവും കൊണ്ട് ഉള്ളിലെ വെറുപ്പും ഒളിയജണ്ടകളും മറച്ചുവെക്കുന്നവരാണെന്ന് ആസാദ് ചൂണ്ടിക്കാട്ടി. തൊണ്ണൂറുകളുടെ തുടക്കത്തിൽ നാലാംലോക വാദത്തിലൂടെയാണ് ഈ അട്ടിമറി ആരംഭിച്ചത്. വർഗരാഷ്ട്രീയമാണ് കേരളത്തിന്റെ വികസനത്തിന് തടസ്സമെന്ന് വാദിച്ച തോമസ് ഐസക്കും സംഘവും ഇ.എം.എസിനെപ്പോലും വരുതിയിലാക്കിയെന്ന് അന്ന് വിദേശ സെമിനാറുകളിൽ വീമ്പിളക്കിയിരുന്നു. ഇവർ വെട്ടിത്തെളിച്ച ആ വഴിയിലൂടെയാണ് പിണറായി വിജയൻ മുന്നേറിയതെന്നും ആസാദ് വിമർശിച്ചു.

​യഥാർത്ഥ വർഗരാഷ്ട്രീയത്തിന്റെ നേതാക്കളെയും അവരുടെ പിന്തുടർച്ചക്കാരെയും നിരന്തരം വെട്ടിനിരത്തി പാർട്ടിയെ 'പിണറായി ഫാൻസ് കമ്പനി'യാക്കി മാറ്റിയതിൽ ഇവർക്ക് വലിയ പങ്കുണ്ട്. അങ്ങനെ ചെയ്തവരാണ് ഇപ്പോൾ പിണറായിയെ വെട്ടിമാറ്റി തെറ്റ് തിരുത്താൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നത് വലിയൊരു തമാശയാണ്. കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ നിലനിന്നത് കമ്മ്യൂണിസ്റ്റ് ഭരണസംസ്കാരമാണെന്ന് പിണറായി യുഗത്തിൽ പിറന്ന പുത്തൻകൂറ്റുകാർക്ക് മാത്രമേ പറയാനാകൂ. ബേബിയും ഐസക്കും ചേർന്ന് വളർത്തിയെടുത്ത ഇത്തരം നാലാംലോക ന്യായീകരണക്കാരുടെ ശാഠ്യവും വിവരക്കേടും പാർട്ടിയുടെ പതനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു.

​1996-ലെ തെറ്റുതിരുത്തൽ പ്രമേയവും കൺട്രോൾ കമ്മീഷൻ രൂപീകരണകാലത്തെ തീരുമാനങ്ങളും അട്ടിമറിച്ച നേതൃത്വത്തിന് പുതിയ തിരുത്തൽ പ്രക്രിയയിൽ എന്ത് ആത്മാർത്ഥതയാണുള്ളതെന്ന് ആസാദ് ചോദിച്ചു. പാർട്ടി അതിന്റെ നേതാവോ നേതൃത്വമോ മാത്രമായി ചുരുങ്ങിപ്പോകുമെന്ന അന്നത്തെ ആശങ്കയാണ് ഇപ്പോൾ യാഥാർഥ്യമായത്. പിണറായി വിജയൻ മാറിയാലും ഈ ജനുസ്സിൽപ്പെട്ടവർ മാത്രമുള്ള പാർട്ടിയിൽ പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്നും, തെറ്റായ വഴി വെടിഞ്ഞ് പതിനാലാം പാർട്ടി കോൺഗ്രസ് മുന്നോട്ടുവെച്ച വർഗരാഷ്ട്രീയത്തിന്റെ സമകാലിക ദൗത്യം ആത്മാർത്ഥമായി ഏറ്റെടുത്താൽ മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക