Image

കാർ യാത്രികനെ തടഞ്ഞ് ഭീഷണിപ്പെടുത്തുകയും പൊലീസിനെ മർദിക്കുകയും ചെയ്ത ബസ് ക്ലീനർക്കെതിരെ കാപ്പ; പ്രതി റിമാൻഡിൽ

Published on 08 September, 2026
കാർ യാത്രികനെ തടഞ്ഞ് ഭീഷണിപ്പെടുത്തുകയും പൊലീസിനെ മർദിക്കുകയും ചെയ്ത ബസ് ക്ലീനർക്കെതിരെ കാപ്പ; പ്രതി റിമാൻഡിൽ

കൊച്ചി: നഗരത്തിൽ കാർ യാത്രികനെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്ത സ്വകാര്യ ബസ് ക്ലീനർക്കെതിരെ കാപ്പ (ഗുണ്ടാ നിയമം) ചുമത്താൻ നടപടി. കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാറിനെതിരെയാണ് നടപടി സ്വീകരിക്കുന്നത്. മോഷണം ഉൾപ്പെടെ ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള ശുപാർശ റിപ്പോർട്ട് ഉടൻ ജില്ലാ കലക്ടർക്ക് കൈമാറുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.

​ഓഗസ്റ്റ് 22-ന് വൈകീട്ട് 5.15-ഓടെ വഴക്കാലയിലായിരുന്നു കേസിനാസ്പദമായ സംഭവം. പാലാരിവട്ടത്തുനിന്ന് കാക്കനാട്ടേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന പടമുഗൾ സ്വദേശി സി.ബി. റെജിൻസിന്റെ കാറിനെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് അപകടകരമായി മറികടന്ന് വഴിതടഞ്ഞിട്ടു. ഇത് ചോദ്യം ചെയ്ത് ഹോണടിച്ചതോടെ പ്രകോപിതനായ അൻസാർ ബസിൽനിന്ന് ഇറങ്ങിവന്ന് കാറിന്റെ ചില്ല് താഴ്ത്തിച്ച് അസഭ്യം പറയുകയും ബോണറ്റിൽ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

​തുടർന്ന് അക്രമം നടത്തിയ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും ഇയാൾ മർദിച്ചു. എന്നാൽ സംഭവത്തിൽ ആദ്യം അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വൻ വിവാദത്തിനും പൊതുജന പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിലടക്കം കൂടുതൽ വകുപ്പുകൾ ചുമത്തി അൻസാറിനെ വീണ്ടും അറസ്റ്റ് ചെയ്തു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ റിമാൻഡിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക