
ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ കടുത്ത രാഷ്ട്രീയ-സാമ്പത്തിക ആരോപണങ്ങളുമായി അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം രംഗത്ത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ എവിടെപ്പോയെന്നും ആ പണം ഉപയോഗിച്ചാണോ പറവൂർ വില്ലേജിൽ ഭാര്യയുടെ പേരിൽ ഭൂമി വാങ്ങിയതെന്നും സലാം ചോദിച്ചു. പാർട്ടി നേതാക്കളെ നിരന്തരം വ്യക്തിഹത്യ നടത്തുന്ന സുധാകരന്റെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങൾ പരസ്യപ്പെടുത്താൻ ധൈര്യമുണ്ടോയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിച്ചു.
സാധാരണക്കാരായ പ്രവർത്തകർ വെയിലും മഴയും കൊണ്ട് പിരിച്ചെടുക്കുന്ന പണത്തിൽ നിന്നാണ് പതിറ്റാണ്ടുകളോളം സുധാകരൻ പാർട്ടി പ്രവർത്തനം നടത്തിയതെന്ന് സലാം ഓർമ്മിപ്പിച്ചു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോലും പ്രചാരണത്തിന് പോയതിന്റെ പേരിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ടി.എ ഇനത്തിൽ ആയിരങ്ങൾ എഴുതി വാങ്ങിയ വ്യക്തിയാണ് ഇപ്പോൾ പാർട്ടിയുടെ ഫണ്ട് പിരിവിനെ പുച്ഛിക്കുന്നത്. സി.ബി. ചന്ദ്രബാബു അടക്കമുള്ള നേതാക്കൾ പലതവണ ആവശ്യപ്പെട്ടിട്ടും 2021-ൽ തെരഞ്ഞെടുപ്പിന്റെ പേരിൽ നടത്തിയ ഫണ്ട് പിരിവിന്റെ കണക്ക് നൽകാൻ സുധാകരൻ തയ്യാറായിട്ടില്ലെന്നും സലാം ആരോപിച്ചു.
കപടമായ അഴിമതിവിരുദ്ധ പ്രതിച്ഛായ ചമയുന്ന സുധാകരന്റെ കുടുംബാംഗങ്ങളുടെ പേരിലുള്ള സ്വത്തുക്കളുടെ ഉറവിടം വ്യക്തമാക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു. പറവൂരിൽ വാങ്ങിയ വസ്തുവിന് പുറമെ ഭാര്യ, മകൻ, മരുമകൾ എന്നിവരുടെ പേരിലുള്ള ഫ്ലാറ്റുകൾ, ആലപ്പുഴ ഗവ. സെർവന്റ്സ് ബാങ്ക് അടക്കമുള്ള ബാങ്ക് നിക്ഷേപങ്ങൾ, മകന്റെ എൻ.ആർ.ഐ/എൻ.ആർ.ഒ അക്കൗണ്ടുകൾ എന്നിവയുടെ വിശദാംശങ്ങൾ പുറത്തുവിടണം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഭാര്യയുടെ അക്കൗണ്ടിൽനിന്ന് മാറ്റിയ 50 ലക്ഷം രൂപയുടെ സ്രോതസ്സ് വ്യക്തമാക്കാൻ സുധാകരൻ തയ്യാറാകണമെന്നും, ഭാര്യയുടെ യു.ജി.സി ശമ്പളവും മകന്റെ വിദേശ ജോലിയും പറഞ്ഞുള്ള സ്ഥിരം ന്യായീകരണം ഇനി വിലപ്പോവില്ലെന്നും സലാം തുറന്നടിച്ചു.
ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളായിരുന്ന അഡ്വ. അനസലി, ഷാനവാസ് എന്നിവരെക്കൊണ്ട് മാധ്യമപ്രവർത്തകനെ ആക്രമിക്കാനും ഒരു വനിതയെ സൈബർ ആക്രമണം നടത്താനും സുധാകരൻ ആവശ്യപ്പെട്ടിരുന്നതായി കുറിപ്പിൽ ആരോപിക്കുന്നു. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് മുതിർന്ന സുധാകരനാണ് യഥാർത്ഥ 'പൊളിറ്റിക്കൽ ക്രിമിനൽ' എന്നും സലാം കുറ്റപ്പെടുത്തി. പതിറ്റാണ്ടുകളോളം പാർട്ടി നൽകിയ സ്ഥാനമാനങ്ങൾ അനുഭവിച്ച് ഒടുവിൽ വർഗ്ഗവഞ്ചന കാട്ടി പുറത്തുപോയ സുധാകരൻ സി.പി.ഐ(എമ്മി)നെ നന്നാക്കാൻ നോക്കേണ്ടതില്ലെന്നും ചെന്നുകയറിയ മുന്നണിയെ നന്നാക്കിയാൽ മതിയെന്നും പറഞ്ഞാണ് എച്ച്. സലാം കുറിപ്പ് അവസാനിപ്പിച്ചത്.