
കൊച്ചി: പ്രമുഖ നടൻ മോഹൻലാലിന്റെ കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (ആർ.സി) പേരിനൊപ്പമുണ്ടായിരുന്ന 'ലഫ്റ്റനന്റ് കേണൽ', 'ഡോക്ടർ' എന്നീ പദവികൾ മോട്ടോർ വാഹനവകുപ്പ് ഒഴിവാക്കി. ആധാർ കാർഡിലെ പേരുമായി ആർ.സി രേഖകൾ പൊരുത്തപ്പെടണമെന്ന കർശന കേന്ദ്ര നിർദേശത്തെ തുടർന്നാണ് നടപടി. ഇതോടെ വാഹന രേഖകളിൽ ഇനി മുതൽ 'വിശ്വനാഥൻ നായർ മോഹൻലാൽ' എന്ന പേരായിരിക്കും ഉണ്ടാകുക.
കെ.എൽ 07 സി.യു 2020 എന്ന നമ്പറിലുള്ള ആഡംബര കാറുമായി ബന്ധപ്പെട്ട ചില സേവനങ്ങൾക്കായി മോഹൻലാലിന്റെ പ്രതിനിധി ആർ.ടി ഓഫിസിനെ സമീപിച്ചപ്പോഴാണ് സാങ്കേതിക തടസ്സം ശ്രദ്ധയിൽപ്പെട്ടത്. വാഹൻ പോർട്ടലിലെ ആർ.സി രേഖകളിലെ പേരും ഉടമയുടെ ആധാർ കാർഡിലെ വിവരങ്ങളും തമ്മിൽ പൊരുത്തപ്പെടാത്തതിനാൽ സേവന നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരം വാഹന ഉടമസ്ഥത ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ പേര് തിരുത്താതെ മറ്റു നടപടികൾ സാധ്യമല്ലെന്ന് അധികൃതർ അറിയിച്ചു.
തുടർന്ന് അപേക്ഷ നൽകിയതോടെയാണ് രേഖകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയത്. 2020-ൽ രജിസ്റ്റർ ചെയ്ത വാഹനത്തിൽ ഇതുവരെ 'ലഫ്റ്റനന്റ് കേണൽ ഡോ. വി. മോഹൻലാൽ' എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ആധാർ കാർഡിൽ ഈ പദവികൾ ഉൾപ്പെടാത്തതിനാൽ, ആധാർ വിവരങ്ങൾക്ക് അനുസൃതമായി ആർ.സി ബുക്കിലും 'വിശ്വനാഥൻ നായർ മോഹൻലാൽ' എന്ന് പുതുക്കി നൽകുകയായിരുന്നു.