
തൊടുപുഴ: ഓണാഘോഷത്തിന്റെ ഭാഗമായി 101 കൂട്ടം വിഭവങ്ങളൊരുക്കി ശ്രദ്ധേയമായ കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി സ്‌കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും മുഖ്യമന്ത്രിയുടെ അഭിനന്ദനം. സ്‌കൂളിലെ ഓണസദ്യയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ച് നാലാം ക്ലാസ് വിദ്യാർഥിനി പ്രിസ്‌കില്ല പ്രവീൺ അയച്ച കത്തിനാണ് സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് മറുപടിക്കത്ത് എത്തിയത്. ഒരു കുഞ്ഞുമനസ്സിന്റെ നിഷ്‌കളങ്കമായ ക്ഷണവും സ്നേഹവുമാണ് പ്രിസ്‌കില്ലയുടെ കത്തിൽ നിറഞ്ഞുനിന്നതെന്ന് മുഖ്യമന്ത്രി മറുപടിയിൽ കുറിച്ചു.
പാഠപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം കരുതലും സ്നേഹവും പങ്കുവെക്കലിന്റെ വലിയ പാഠങ്ങളും പകർന്നുനൽകുന്ന അധ്യാപകരുടെ ഇടപെടലുകൾ പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടികളുടെ സർഗാത്മകതയും സാമൂഹിക പങ്കാളിത്തവും വളർത്തുന്ന ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. പഠനത്തോടൊപ്പം സഹജീവിസ്നേഹവും സാമൂഹികബോധവും വളർത്താൻ സ്‌കൂൾ നടത്തുന്ന ശ്രമങ്ങൾക്കും രക്ഷിതാക്കളുടെ പിന്തുണയ്ക്കും അഭിനന്ദനം അറിയിച്ച മുഖ്യമന്ത്രി, കലാ-കായിക രംഗങ്ങളിലും പഠനത്തിലും മികവ് പുലർത്താൻ എല്ലാ കുട്ടികൾക്കും സാധിക്കട്ടെയെന്ന് ആശംസിച്ചു.
ഓഗസ്റ്റ് 21-നാണ് പ്രധാനാധ്യാപിക ലിൻസി ജോർജിന്റെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും കൈകോർത്ത് കാഞ്ചിയാർ സ്‌കൂളിൽ 101 വിഭവങ്ങളുടെ വിപുലമായ ഓണസദ്യ സംഘടിപ്പിച്ചത്. സ്‌കൂളിലെ വേറിട്ട ഓണാഘോഷത്തെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും വിവരിച്ചായിരുന്നു പ്രിസ്‌കില്ല മുഖ്യമന്ത്രിക്ക് കത്തയച്ചത്. മുഖ്യമന്ത്രി നേരിട്ട് ഒപ്പുവെച്ച മറുപടിക്കത്ത് സ്‌കൂളിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് പ്രിസ്‌കില്ലയും സഹപാഠികളും അധ്യാപകരും. സ്‌കൂളിന്റെ സമഗ്ര പ്രവർത്തനങ്ങൾക്കുള്ള വലിയൊരു അംഗീകാരമായാണ് ഈ അഭിനന്ദനത്തെ വിദ്യാലയ അധികൃതർ കാണുന്നത്.