
തിരുവനന്തപുരം: മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ ലഘുഭക്ഷണങ്ങൾക്കും കുടിവെള്ളത്തിനും അമിതവില ഈടാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ചലച്ചിത്ര നിർമാതാവ് ജി. സുരേഷ് കുമാർ. മൾട്ടിപ്ലക്‌സുകളിൽ നടക്കുന്നത് പരസ്യമായ പകൽക്കൊള്ളയാണെന്നും ഇതിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണ തിയേറ്ററുകളിൽ ലഘുഭക്ഷണത്തിന് തുച്ഛമായ തുക മാത്രം വാങ്ങുമ്പോൾ, 240 രൂപയുടെ സിനിമ ടിക്കറ്റിന് മൾട്ടിപ്ലക്‌സിൽ ഒരു പോപ്കോണിന് 483 രൂപയും കുടിവെള്ളത്തിന് 90 രൂപയുമാണ് ഈടാക്കുന്നത്. പോപ്കോണിൽ സ്വർണം അരച്ചുചേർത്തിട്ടുണ്ടോയെന്ന് ചോദിച്ച സുരേഷ് കുമാർ, കോടതിവിധികളുടെ മറപിടിച്ച് സാധാരണക്കാരെ പിഴിയുന്ന പ്രവണതയ്ക്ക് അറുതിവരുത്താൻ സുപ്രീം കോടതി വിധി റിവ്യൂ ചെയ്യുന്നതടക്കമുള്ള നടപടികൾക്ക് സർക്കാർ മുൻകൈയെടുക്കണമെന്നും ആവശ്യപ്പെട്ടു.
പുറത്തുനിന്നുള്ള ഭക്ഷണപദാർഥങ്ങൾ തടഞ്ഞ് തിയേറ്ററിനുള്ളിലെ കച്ചവടം വഴി കുടുംബങ്ങളെ കൊള്ളയടിക്കുകയാണ് മൾട്ടിപ്ലക്സ് ഉടമകൾ ചെയ്യുന്നത്. ടിക്കറ്റ് നിരക്കിനേക്കാൾ ഇരട്ടി തുക ലഘുഭക്ഷണത്തിനായി മാറ്റിവെക്കേണ്ടി വരുന്നത് സാധാരണക്കാർ തിയേറ്ററുകളിൽ നിന്ന് അകന്നുനിൽക്കാൻ ഇടയാക്കുന്നുണ്ട്. ന്യായമായ വില ഈടാക്കിയാൽ കൂടുതൽ ആളുകൾ സിനിമ കാണാൻ തിയേറ്ററുകളിലേക്ക് തിരിച്ചെത്തുമെന്നും കുട്ടികളുമായി എത്തുന്ന മാതാപിതാക്കളുടെ നിസ്സഹായാവസ്ഥയെയാണ് ഇക്കൂട്ടർ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, മൾട്ടിപ്ലക്സുകളിലെ അമിതവിലയ്‌ക്കെതിരായ പരാതികളിൽ ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ സംസ്ഥാനത്തെ മാളുകളിൽ സംയുക്ത പരിശോധന നടത്തി. കൊച്ചിയിലെ ഒരു മൾട്ടിപ്ലക്സിൽ 360 ഗ്രാം പോപ്കോണിന് 540 രൂപ ഈടാക്കുന്നതായി കണ്ടെത്തിയെങ്കിലും, ഇത് പാക്ക് ചെയ്യാത്ത ഭക്ഷണ ഗണത്തിൽപ്പെടുന്നതിനാൽ നിലവിലെ നിയമപ്രകാരം നേരിട്ട് നടപടിയെടുക്കാൻ പരിമിതിയുണ്ടെന്നാണ് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ വിശദീകരണം. വിഷയം സങ്കീർണമായി തുടരുന്ന പശ്ചാത്തലത്തിൽ, ഭക്ഷണവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ തിയേറ്റർ ഉടമകളുടെ യോഗം വിളിക്കുമെന്ന് തിരുവനന്തപുരം മേയർ അറിയിച്ചു.