Image

ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങിയാൽ കൂടുതൽ മാർക്ക്;ജെ.എൻ.യുവിൽ അധ്യാപകന്റെ അതിക്രമങ്ങൾ തുറന്നുപറഞ്ഞ് വിദ്യാർഥിനികൾ; വൻ പ്രതിഷേധം!

Published on 07 September, 2026
ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങിയാൽ കൂടുതൽ മാർക്ക്;ജെ.എൻ.യുവിൽ അധ്യാപകന്റെ അതിക്രമങ്ങൾ തുറന്നുപറഞ്ഞ് വിദ്യാർഥിനികൾ; വൻ പ്രതിഷേധം!

ന്യൂഡൽഹി: ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങിയാൽ പരീക്ഷയിൽ കൂടുതൽ മാർക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തെന്ന ഗുരുതര ആരോപണവുമായി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെ.എൻ.യു) പ്രൊഫസർക്കെതിരെ വിദ്യാർഥിനികൾ രംഗത്ത്. അധ്യാപകന്റെ ഭാഗത്തുനിന്ന് നിരന്തര ചൂഷണം നേരിടേണ്ടി വന്ന പതിനൊന്ന് വിദ്യാർഥിനികൾ സർവകലാശാലയുടെ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് (ഐ.സി.സി) രേഖാമൂലം പരാതി നൽകി. പരാതി സ്വീകരിച്ച ഐ.സി.സി സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും പരാതിക്കാരായ വിദ്യാർഥിനികളോട് നേരിട്ടെത്തി മൊഴി നൽകാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

​മേയ് ആദ്യവാരം നടന്ന വൈവ പരീക്ഷയ്ക്കിടെ പ്രൊഫസർ ലൈംഗികച്ചുവയോടെ സംസാരിച്ചതായും വഴങ്ങിയാൽ കൂടുതൽ മാർക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തതായും കാണിച്ച് ഒരു വിദ്യാർഥിനി സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമിട്ടിരുന്നു. ഈ തുറന്നുപറച്ചിലിന് പിന്നാലെയാണ് സമാന അനുഭവം നേരിട്ട കൂടുതൽ വിദ്യാർഥിനികൾ പ്രൊഫസർക്കെതിരെ ആരോപണവുമായി മുന്നോട്ടുവന്നത്. വിദ്യാർഥിനികളെ അധ്യാപകൻ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെവെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതികളിൽ ആരോപിക്കുന്നുണ്ട്. ഇതിനുപുറമെ, ക്ലാസ് മുറികളിൽ വെച്ച് വിദ്യാർഥിനികൾക്ക് നേരെ നിരന്തരം അശ്ലീലവും അനുചിതവുമായ പരാമർശങ്ങൾ നടത്തിയതായും വ്യക്തമാക്കുന്നു.

​വിഷയത്തിൽ ഐ.സി.സി തലത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങൾ പൂർത്തിയായ ശേഷമേ കൂടുതൽ പ്രതികരണത്തിന് സാധിക്കൂവെന്നും സർവകലാശാലാ അധികൃതർ വ്യക്തമാക്കി. മുൻപ് മുതിർന്ന മറ്റൊരു ഫാക്കൽറ്റി അംഗത്തിനെതിരെ ഉയർന്ന ലൈംഗിക അതിക്രമ പരാതിയിലും ജെ.എൻ.യു ഭരണകൂടം കർശന നടപടി സ്വീകരിച്ചിരുന്നു. ക്യാമ്പസിനെ നടുക്കിയ പുതിയ വിവാദത്തിലും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക