
കൊച്ചി: വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനെതിരെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി കർശന നിലപാടെടുത്തു. വിചാരണയ്ക്കായി റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ ഈ മാസം 11-ന് നേരിട്ട് ഹാജരാകണമെന്ന് കോടതി കർശന നിർദേശം നൽകി. വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചെങ്കിലും, സ്റ്റേ ഉത്തരവ് ഹാജരാക്കിയില്ലെങ്കിൽ പ്രതികൾക്ക് വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകാൻ നൽകിയിരിക്കുന്ന അനുമതി റദ്ദാക്കുമെന്ന് മജിസ്ട്രേറ്റ് മുന്നറിയിപ്പ് നൽകി. ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി മുൻപ് മൂന്ന് തവണ തള്ളിയ ഹൈക്കോടതി, വിഷയം നാളെ വീണ്ടും പരിഗണിക്കും.
അതേസമയം, മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് പൊലീസ് കുറ്റപത്രം സമർപ്പിച്ച മറ്റ് കേസുകളിൽ അഗസ്റ്റിൻ സഹോദരന്മാർ കഴിഞ്ഞ ശനിയാഴ്ച ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായിരുന്നു. വിചാരണ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് പ്രതികൾ നേരിട്ടെത്തിയത്. 2020–21 കാലയളവിൽ വയനാട് മുട്ടിൽ വില്ലേജിൽ നടന്ന വ്യാപകമായ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് ആകെ 42 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 41 കേസുകളിലും അന്വേഷണസംഘം നേരത്തെ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു.
വിചാരണയുടെ മുന്നോടിയായുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയായതോടെ ബത്തേരി കോടതിയിലെ കേസുകളിൽ ഉടൻ വിചാരണ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ജാമ്യത്തിൽ തുടരുന്ന പ്രതികൾക്കെതിരെയുള്ള കേസുകളിൽ പിടിച്ചെടുത്ത 112 കൂറ്റൻ ഈട്ടിത്തടികൾ ഇപ്പോൾ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഹൈക്കോടതി നിലപാടും ചോറ്റാനിക്കര കോടതിയിലെ തുടർനടപടികളും വരുംദിവസങ്ങളിൽ കേസിൽ നിർണായകമായി മാറും.