Image

പ്രിയ വർഗീസിന്റെ നിയമനക്കേസ്: നിലപാട് മാറ്റി കണ്ണൂർ സർവകലാശാല; യോഗ്യതയില്ലെന്ന് സുപ്രീം കോടതിയെ അറിയിക്കും

Published on 07 September, 2026
പ്രിയ വർഗീസിന്റെ നിയമനക്കേസ്: നിലപാട് മാറ്റി കണ്ണൂർ സർവകലാശാല; യോഗ്യതയില്ലെന്ന് സുപ്രീം കോടതിയെ അറിയിക്കും

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ മുൻ നിലപാട് പൂർണമായും തിരുത്തി സർവകലാശാല സുപ്രീം കോടതിയിലേക്ക്. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ, പ്രിയ വർഗീസിന് തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയില്ലെന്നും നിയമനം സുതാര്യമായിരുന്നില്ലെന്നും കോടതിയെ അറിയിക്കാനാണ് സർവകലാശാലയുടെ നീക്കം. ഇതിനു മുന്നോടിയായി സുപ്രീം കോടതിയിൽ സർവകലാശാലയ്ക്കായി ഹാജരായിരുന്ന സ്റ്റാൻഡിങ് കോൺസലിനെയും മാറ്റിക്കൊണ്ട് ഉത്തരവിറക്കി.

​അധ്യാപന പരിചയത്തിന്റെ പരിധിയിൽ പി.എച്ച്.ഡി പഠനകാലം കൂടി ഉൾപ്പെടുത്താമോ എന്നതാണ് ഈ കേസിലെ പ്രധാന നിയമപ്രശ്നം. പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ യു.ജി.സിയും ഡോ. ജോസഫ് സ്കറിയയും നൽകിയ ഹർജികളാണ് ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കുന്നത്. നിയമനം ചട്ടപ്രകാരമാണെന്നായിരുന്നു മുൻപ് സർവകലാശാല സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാട്. എന്നാൽ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ പശ്ചാത്തലത്തിൽ, സി.പി.എം നേതാവ് കെ.കെ. രാഗേഷിന്റെ ഭാര്യയ്ക്ക് വഴിവിട്ട നിയമനം നൽകിയെന്ന ആക്ഷേപം ശരിവെക്കുന്ന തരത്തിലാണ് സർവകലാശാല ഇപ്പോൾ നിലപാട് തിരുത്തുന്നത്.

​നിലപാട് മാറ്റത്തിനൊപ്പം സുപ്രീം കോടതിയിലെ നിയമ പ്രതിനിധിയെ മാറ്റിയതും ശ്രദ്ധേയമായി. നേരത്തെ സർവകലാശാലയ്ക്ക് വേണ്ടി ഹാജരായിരുന്ന മുൻ എസ്.എഫ്.ഐ നേതാവ് അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രന് പകരം സംസ്ഥാനത്തിന്റെ സ്റ്റാൻഡിങ് കോൺസൽ പി.എസ്. സുൾഫിക്കർ അലിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ സ്വന്തം നടപടിയെ കോടതിയിൽ ന്യായീകരിച്ച സർവകലാശാല തന്നെ യോഗ്യതയില്ലെന്ന് തുറന്നുസമ്മതിക്കുമ്പോൾ, സുപ്രീം കോടതി ഈ മലക്കംമറിച്ചിലിനോട് എങ്ങനെ പ്രതികരിക്കുമെന്നത് കേസിൽ ഏറെ നിർണായകമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക