
കോഴിക്കോട്: തനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിനെ നിയമപരമായി നേരിടുമെന്ന് ഡോ. അബ്ദുല്ല ബാസിൽ. ചാനൽ ചർച്ചയിൽ വംശീയവും വർഗീയവുമായ വാക്കുകൾ ഉപയോഗിച്ച അവതാരകയാണ് തിരുത്തേണ്ടതെന്നും തന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ന്യൂസ് റൂമുകൾ വംശീയതയുടെ കേന്ദ്രങ്ങളാകുന്നത് തിരിച്ചറിയപ്പെടണം. ചർച്ചയിൽ തന്നെ ആ പരാമർശങ്ങളെ താൻ ശക്തമായി എതിർത്തിരുന്നു. തന്റെ വീഡിയോയ്ക്ക് താഴെ മറ്റുള്ളവർ മോശം കമന്റുകൾ ഇട്ടിട്ടുണ്ടെങ്കിൽ അതിന് കേസെടുക്കേണ്ടത് അവർക്കെതിരെയാണെന്നും, തന്റെ പ്രതികരണത്തിൽ വിദ്വേഷമോ വർഗീയതയോ ഇല്ലെന്ന് ആർക്കും പരിശോധിച്ചാൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേസെടുത്ത പോലീസിന്റെ നടപടി അത്യന്തം വിചിത്രമാണെന്ന് ഡോ. അബ്ദുല്ല ബാസിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ എൽദോസ് കുന്നപ്പിള്ളിൽ, പി.കെ. ഫിറോസ്, നജീബ് കാന്തപുരം അടക്കമുള്ള ജനപ്രതിനിധികളുടെ പരസ്യ പിന്തുണ ലഭിക്കുന്നുണ്ട്. പോലീസ് ഈ വിഷയത്തിൽ അനാവശ്യമായ തിടുക്കമാണ് കാണിച്ചത്. അതിനാൽ തന്നെ കേസ് കൊടുത്തവർ അത് പിൻവലിക്കാൻ തയ്യാറാകണമെന്നും പോലീസിന്റെ ഏകപക്ഷീയമായ ഈ നടപടി ഒരു കാരണവശാലും ശരിയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിയിൽ നിന്നും സമൂഹത്തിൽ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ വർഗീയത പറഞ്ഞവർക്കെതിരെയാണ് കർശന നടപടി ഉണ്ടാകേണ്ടത്, അല്ലാതെ അത് ചൂണ്ടിക്കാണിച്ചവർക്കെതിരെയല്ല. വിവാദങ്ങൾക്കൊടുവിൽ അവർ നടത്തിയ മാപ്പുപറച്ചിലിൽ പോലും വൈരുദ്ധ്യങ്ങളും വംശീയ അധിക്ഷേപങ്ങളും നിറഞ്ഞുനിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആവശ്യമെങ്കിൽ പ്രസ്തുത മാധ്യമപ്രവർത്തകയ്ക്കെതിരെ നിയമപരമായി മുന്നോട്ടുപോകാനും പരാതി നൽകാനും വിസ്ഡം സംഘടന തീരുമാനിക്കുമെന്നും അബ്ദുല്ല ബാസിൽ വ്യക്തമാക്കി.