
കോഴിക്കോട്: അധ്യാപികമാർ പ്രതികളായ വടകര എം.ഡി.എം.എ കടത്ത് കേസിൽ അഞ്ചാം പ്രതി ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ നേരത്തെ പിടിയിലായ അധ്യാപികമാർ ജിജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വൻതുക കൈമാറിയതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ഒരുകോടിയിലേറെ രൂപയാണ് ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ലഹരി റാക്കറ്റിലെ കൂടുതൽ കണ്ണികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ജിജിന്റെ അക്കൗണ്ടിലെത്തിയ പണം പിന്നീട് വയനാട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ബി.ആർ.സി അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരും ഡെലിവറി ഏജന്റായ ജിജിൻ കുര്യാക്കോസുമാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. വയനാട് സ്വദേശിയായ ഷിന്റോയാണ് ലഹരി വിതരണ ശൃംഖലയുടെ മുഖ്യ ആസൂത്രകനെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. എന്നാൽ ഇയാൾ ഇപ്പോഴും ഒളിവിലാണെന്നും പിടികൂടാനുള്ള വല വീശിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അതിനിടെ, കേസിലെ മുഖ്യപ്രതികളിലൊരാളായ അധ്യാപിക കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവർ ഇന്ന് വൈകുന്നേരത്തോടെ ജയിൽ മോചിതയാകും. കേസിൽ കൂടുതൽ വ്യക്തികൾക്ക് പങ്കുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളുടെ ഉറവിടം എവിടെനിന്നാണെന്നും കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണത്തിലാണ് പൊലീസ് സംഘം.