Image

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം ; മരണം ആറായി; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് ഇരുപതോളം പേർ, കെട്ടിട നിർമാണം നടന്നത് അനധികൃതമായി

Published on 07 September, 2026
ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം ; മരണം ആറായി; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് ഇരുപതോളം പേർ, കെട്ടിട നിർമാണം നടന്നത് അനധികൃതമായി

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ സത്യനികേതനിൽ വിദ്യാർഥികൾ താമസിച്ചിരുന്ന പേയിങ് ഗസ്റ്റ് (പി.ജി) കെട്ടിടം തകർന്നുണ്ടായ വൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ഒൻപത് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും ഇതിൽ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇരുപതോളം പേർ ഇപ്പോഴും കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സും ചേർന്ന് സ്ലാബുകൾ മുറിച്ചുമാറ്റി രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. പരിക്കേറ്റവരെ എയിംസ് ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ ഗോവ സന്ദർശനം റദ്ദാക്കി.

​ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബേസ്‌മെന്റും അഞ്ചു നിലകളുമുള്ള 'ഹോസ്റ്റൽ ഡേയ്‌സ്' എന്ന കെട്ടിടം പൂർണമായും നിലംപൊത്തിയത്. 40 മുതൽ 50 വർഷം വരെ പഴക്കമുള്ള ഈ കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം. സമീപദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ബേസ്‌മെന്റിൽ വെള്ളം കെട്ടിക്കിടന്നത് അടിത്തറ ദുർബലമാക്കിയതാണ് തകർച്ചയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന നിരവധി വിദ്യാർഥികൾ തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഫോൺ വിളിച്ചിരുന്നതായി ദൃക്‌സാക്ഷികളും ജനപ്രതിനിധികളും വ്യക്തമാക്കി.

​അപകടത്തിന് പിന്നാലെ ഒളിവിൽപ്പോയ കെട്ടിട ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ അടച്ചുപൂട്ടിയ കെട്ടിടം മൂന്ന് മാസം മുൻപാണ് വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങിയത്. ഇവിടെ നടന്ന നിർമാണപ്രവർത്തനങ്ങൾ അനധികൃതമാണെന്നും രണ്ടുനിലകൾ അധികമായി പണിതതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ (എം.സി.ഡി) വ്യക്തമാക്കി. കെട്ടിടം 13 ദിവസത്തിനകം പൂർണമായി പൊളിച്ചുനീക്കാൻ ഉത്തരവിട്ട എം.സി.ഡി, മേഖലയിലെ നിയമവിരുദ്ധ നിർമാണങ്ങൾക്കെതിരെ അടിയന്തര സീലിങ് നടപടികൾ ആരംഭിക്കുമെന്നും അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക