
ദമ്മാം: സൗദി അറേബ്യയിൽ ദമ്മാം-ജുബൈൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് അത്താണിപ്പടി സ്വദേശി ഷൗക്കത്തലി (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്ന് ജോലി ആവശ്യങ്ങൾക്കായി ജുബൈലിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.
യാത്രയ്ക്കിടെ ഇദ്ദേഹം ഓടിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറാവുകയായിരുന്നു. തുടർന്ന് വാഹനം ഒതുക്കിനിർത്തി പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ ഏഴരയോടെ ടയർ പഞ്ചറായ വിവരം ഷൗക്കത്തലി സുഹൃത്തിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ മിനിറ്റുകൾക്കകം ഇദ്ദേഹം അപകടത്തിൽപ്പെട്ട വിവരമാണ് അറിയാൻ കഴിഞ്ഞത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി സൗദിയിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു ഷൗക്കത്തലി. അപകടത്തെ തുടർന്ന് മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.