Image

'സ്ത്രീകൾക്കെതിരായ അപകീർത്തി പരാമർശം വെച്ചുപൊറുപ്പിക്കില്ല'; തൃഷ വിവാദത്തിന് പിന്നാലെ ഉദയനിധിയെ നിയമസഭയിൽ പരോക്ഷമായി ലക്ഷ്യമിട്ട് മുഖ്യമന്ത്രി വിജയ്

Published on 07 September, 2026
'സ്ത്രീകൾക്കെതിരായ അപകീർത്തി പരാമർശം വെച്ചുപൊറുപ്പിക്കില്ല'; തൃഷ വിവാദത്തിന് പിന്നാലെ ഉദയനിധിയെ നിയമസഭയിൽ പരോക്ഷമായി ലക്ഷ്യമിട്ട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന കാരണം സ്ത്രീകളാണെന്നും അവർക്കെതിരെയുള്ള അശ്ലീല പദപ്രയോഗങ്ങളോ അപകീർത്തികരമായ പരാമർശങ്ങളോ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി വിജയ്. നിയമസഭയിൽ സംസാരിക്കവേയാണ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പരോക്ഷമായി ലക്ഷ്യമിട്ട് മുഖ്യമന്ത്രി ശക്തമായ നിലപാട് വ്യക്തമാക്കിയത്. നടി തൃഷയ്‌ക്കെതിരായ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണമെങ്കിലും സഭയിൽ ആരുടെയും പേര് എടുത്തുപറയാൻ അദ്ദേഹം തയ്യാറായില്ല.

​അഭിപ്രായസ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ച് എല്ലാവരും ആത്മപരിശോധന നടത്തണമെന്ന് വിജയ് ആവശ്യപ്പെട്ടു. ശക്തമായ രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ സ്ത്രീകളെ അവഹേളിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിലർ ദ്വയാർഥത്തിൽ സംസാരിക്കുന്നത് പൊതുസമൂഹം കാണുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി.

​സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ക്രമസമാധാനപാലനം അത്യന്താപേക്ഷിതമാണെന്നും പൊലീസിനെ വെറും അറസ്റ്റ് ഏജൻസിയായി മാത്രം കാണരുതെന്നും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി. നിയമം പാലിക്കുന്നവർക്ക് പൊലീസ് ഉറ്റ സുഹൃത്തും നിയമം ലംഘിക്കുന്നവർക്ക് കർക്കശ ശത്രുവുമായിരിക്കും. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇടപെടരുതെന്ന ഉറച്ച നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക