
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയെക്കുറിച്ച് അന്വേഷിക്കുന്ന കെ.പി.സി.സി സമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യ ഹരിദാസ് എം.എൽ.എ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. താൻ ഡൽഹിയിലാണെന്നാണ് രമ്യ അന്വേഷണ സമിതിക്ക് നൽകിയ വിശദീകരണം. എന്നാൽ, ഞായറാഴ്ച രാത്രി ഇവർ രഹസ്യമായി പാലക്കാട്ടെത്തി കെ.സി. വേണുഗോപാലിനെ നേരിൽ കാണുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനകൾ ശക്തമായതോടെ, ഹൈക്കമാൻഡ് തലത്തിൽ സംരക്ഷണം ഉറപ്പാക്കാനും നേതൃത്വത്തിന്റെ അതൃപ്തി മറികടക്കാനുമാണ് ഈ അടിയന്തര നീക്കമെന്നാണ് വിവരം.
പാലക്കാട് ഡി.സി.സി പ്രസിഡന്റിന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കെ.സി. വേണുഗോപാൽ എം.പി രാത്രി എത്തിയ അവസരം പ്രയോജനപ്പെടുത്തിയായിരുന്നു എം.എൽ.എയുടെ കൂടിക്കാഴ്ച. അതേസമയം, രമ്യ ഡൽഹിയിലാണെന്നും തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷമേ നേരിട്ട് മൊഴിയെടുക്കൂവെന്നും അന്വേഷണ സമിതി അധ്യക്ഷൻ എം.എം. ഹസ്സൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ വാദമാണ് രമ്യയുടെ പാലക്കാട് സന്ദർശനത്തോടെ പൊളിഞ്ഞത്. സംഘർഷത്തിൽ പങ്കാളിയായതിന് രമ്യയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പാളയം പ്രദീപിനെ പാർട്ടി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ തുറന്നുസമ്മതിച്ചെങ്കിലും, രമ്യ ഹരിദാസിനെതിരെ പരസ്യമായ അച്ചടക്ക നടപടിക്ക് സാധ്യതയില്ലെന്നാണ് സൂചന. രമ്യയ്ക്കും സംഘർഷത്തിൽ ഉൾപ്പെട്ട തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലത്തിനുമെതിരെ കടുത്ത നടപടികൾ ശുപാർശ ചെയ്യാൻ സമിതി മടിച്ചേക്കും. ജനപ്രതിനിധികൾക്കെതിരായ പരസ്യ നടപടി തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഡൽഹിയിൽ നിന്നെത്തിയ ശേഷം രമ്യയുടെ മൊഴി നേരിട്ട് രേഖപ്പെടുത്തി മാത്രമേ അന്തിമ അന്വേഷണ റിപ്പോർട്ട് കെ.പി.സി.സിക്ക് കൈമാറൂ എന്ന നിലപാടിലാണ് എം.എം. ഹസ്സൻ.