Image

വർഗീയതയെ എതിർത്തവരെ വേട്ടയാടാൻ അനുവദിക്കില്ല, ​ഡോ. അബ്ദുള്ള ബാസിലിനെതിരായ കേസ് പിൻവലിക്കണം: ആഭ്യന്തര വകുപ്പിന് മുന്നറിയിപ്പുമായി മുസ്ലിം ലീഗ്

Published on 07 September, 2026
വർഗീയതയെ എതിർത്തവരെ വേട്ടയാടാൻ അനുവദിക്കില്ല, ​ഡോ. അബ്ദുള്ള ബാസിലിനെതിരായ കേസ് പിൻവലിക്കണം: ആഭ്യന്തര വകുപ്പിന് മുന്നറിയിപ്പുമായി മുസ്ലിം ലീഗ്

തിരുവനന്തപുരം: വർഗീയതയെ തുറന്നുകാട്ടിയവരെ പൊലീസ് സംവിധാനം ഉപയോഗിച്ച് വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഭരണമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിം ലീഗ്. ബിഗ് ടിവി സീനിയർ കോർഡിനേറ്റിങ് എഡിറ്റർ അപർണ കുറുപ്പിന്റെ പരാതിയിൽ ഡോ. അബ്ദുള്ള ബാസിലിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത നടപടിയാണ് മുസ്ലിം ലീഗിനെ ചൊടിപ്പിച്ചത്. സംഭവത്തിൽ ലീഗ് എം.എൽ.എമാരായ പി.കെ. ഫിറോസും നജീബ് കാന്തപുരവും ആഭ്യന്തര വകുപ്പിനെതിരെ പരസ്യമായി രംഗത്തെത്തി. ഡോ. അബ്ദുള്ള ബാസിലിനെതിരായ കേസ് അടിയന്തരമായി പിൻവലിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് നേരിട്ട് ആവശ്യപ്പെട്ടതായി പി.കെ. ഫിറോസ് വ്യക്തമാക്കി.

​അനാവശ്യമായി വർഗീയത പറയുന്ന ആരെയും സംരക്ഷിക്കില്ലെന്നും എന്നാൽ വർഗീയതയുടെ യാഥാർഥ്യം പുറത്തുപറയുന്നവരെ വേട്ടയാടാൻ മുസ്ലിം ലീഗ് ഭരണത്തിലിരിക്കുന്ന കാലത്തോളം അനുവദിക്കില്ലെന്നും പി.കെ. ഫിറോസ് പറഞ്ഞു. നീതികേടുകൾക്കെതിരെ ഉറച്ച നിലപാട് വ്യക്തമാക്കാനാണ് ലീഗ് ഭരണത്തിലുള്ളതെന്നും അദ്ദേഹം പ്രസംഗത്തിൽ അടിവരയിട്ടു. വ്യാജ ആരോപണങ്ങളിലൂടെ വായടപ്പിക്കാൻ ശ്രമിക്കുന്ന നീക്കങ്ങൾക്കെതിരെ മുന്നണിയിൽ നിന്നുതന്നെ ശക്തമായ എതിർപ്പാണ് ഉയരുന്നത്.

​വർഗീയ നിലപാടുകൾക്കെതിരെ പ്രതികരിക്കുകയും അതിന്റെ പിന്നിലെ മുഖംമൂടികൾ അഴിച്ചുകാട്ടുകയും ചെയ്തതിന്റെ പേരിൽ കേസെടുത്തത് അങ്ങേയറ്റം അപലപനീയമാണെന്ന് നജീബ് കാന്തപുരം എം.എൽ.എ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ശബ്ദങ്ങളെ ഇത്തരത്തിൽ വളച്ചൊടിച്ച് വേട്ടയാടാനാണ് നീക്കമെങ്കിൽ ശക്തമായി പ്രതിരോധിക്കുമെന്നും, നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്ന നീക്കം വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക