Image

ആമസോൺ ചരക്കുവിമാനം മയാമിയിൽ റൺവെ കടന്നു വാഹനങ്ങൾ തകർത്തു, 5 മരണം (പിപിഎം)

Published on 07 September, 2026
ആമസോൺ ചരക്കുവിമാനം മയാമിയിൽ റൺവെ കടന്നു വാഹനങ്ങൾ തകർത്തു, 5 മരണം (പിപിഎം)

ആമസോണിന്റെ ചരക്കുവിമാനം മയാമി ഇന്റർനാഷനൽ എയർപോർട്ടിൽ ഞായറാഴ്ച്ച റൺവെയ്ക്കു പുറത്തേക്കു പാഞ്ഞു സമീപത്തെ റോഡിൽ നിരവധി വാഹനങ്ങൾ ഇടിച്ചു തകർത്തു. അപകടത്തിൽ അഞ്ചു പേർ മരിച്ചെന്നും അഞ്ചു പേർക്കു പരുക്കേറ്റെന്നും അധികൃതർ അറിയിച്ചു. 

ആമസോൺ പ്രൈം എയർ വക ബോയിങ് 767 വിമാനത്തിനു തീ പിടിച്ചുവെന്നു സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. കനത്ത പുകയും തീയും ഉണ്ടായെന്നു മയാമി-ഡെയ്‌ഡ്‌ ഫയർ റെസ്ക്യൂ പറഞ്ഞു. അറുപതിലേറെ ഫയർ യൂണിറ്റുകൾ രംഗത്തുണ്ട്.

ആമസോൺ വക്താവ് കെല്ലി നന്റാലിന്റെ അറിയിപ്പിൽ ആളപായത്തെ കുറിച്ചു പറയുന്നില്ല. വിമാനം ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായതെന്നു അദ്ദേഹം എക്‌സിൽ പറഞ്ഞു. 

ഉച്ചയ്ക്ക് രണ്ടു മണിയോടെ ഇറങ്ങിയ വിമാനം റൺവെ കടന്നു യാത്രാ നിയന്ത്രണ ഉപകരണങ്ങൾ തകർത്തുവെന്നു എഫ് എ എ അറിയിച്ചു. അവരും എൻ ടി എസ് ബിയും ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനത്താവളം തത്കാലം അടച്ചു. യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാവുമെന്നു യുഎസ് ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി എക്‌സിൽ പറഞ്ഞു.

32 വർഷം പഴക്കമുള്ള വിമാനം പോർട്ടോ റിക്കോയിലെ സാൻ ഹുവാനിൽ നിന്നു മയാമിയിലേക്കു പറന്നെത്തിയതാണ്. 9,000 അടിയിൽ കൂടുതൽ നീളമുള്ള റൺവെ 30ലാണ് ഇറങ്ങിയത്.

Amazon cargo aircraft overruns runway in Miami 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക