
കാസർകോട്: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് സിപ്‌ലൈൻ അപകടത്തിൽ ജീവനക്കാരൻ മരിച്ച സംഭവത്തിൽ അധികൃതർക്കെതിരെ കർശന നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിൽ ഉറച്ച് ബന്ധുക്കൾ. ചാമുണ്ടിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ (24) ആണ് ദാരുണമായി മരിച്ചത്. സിപ്‌ലൈൻ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസമാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. സന്ദർശകരെ സിപ്‌ലൈനിൽ കയറ്റി വിടുന്നതിനിടെ കേബിൾ കുരുങ്ങി റോപ് വേ തകർന്ന് സനൂപ് താഴേക്ക് പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആവശ്യമായ സുരക്ഷാ മുൻകരുതലുകളോ മതിയായ പരിശീലനമോ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും അപകടത്തിന് പിന്നിൽ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നും കുടുംബവും നാട്ടുകാരും ആരോപിക്കുന്നു. കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
യാതൊരുവിധ ഔദ്യോഗിക അനുമതികളുമില്ലാതെയാണ് റാണിപുരത്ത് ഈ റോപ് വേ പ്രവർത്തിച്ചിരുന്നതെന്ന ഗുരുതര പരാതികളും ഇതിനകം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായ മുഴുവൻ പേർക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കുടുംബം.