Image

​'സ്ഥാനാർഥി ആരായാലും വോട്ട് പാർട്ടിക്ക് തന്നെ ചെയ്യണം'; പിണറായിയെ പിന്തുണച്ച് എം.എ. ബേബി

Published on 06 September, 2026
​'സ്ഥാനാർഥി ആരായാലും വോട്ട് പാർട്ടിക്ക് തന്നെ ചെയ്യണം'; പിണറായിയെ പിന്തുണച്ച് എം.എ. ബേബി

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സ്ഥാനാർഥികളെക്കുറിച്ച് അതൃപ്തിയോ പരാതിയോ ഉണ്ടെങ്കിലും പാർട്ടി പ്രവർത്തകർ വോട്ട് മാറ്റി കുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഡൽഹിയിൽ വ്യക്തമാക്കി. സ്ഥാനാർഥി ആരായാലും അണികൾ സിപിഎമ്മിനു തന്നെ വോട്ട് ചെയ്യണമായിരുന്നു. ആക്ഷേപങ്ങൾ പാർട്ടിക്കുള്ളിലായിരുന്നു ഉന്നയിക്കേണ്ടിയിരുന്നത്. ഏത് സാഹചര്യത്തിലായാലും പാർട്ടിക്കെതിരെ നിലകൊള്ളുന്നത് തെറ്റാണെന്ന് അണികൾ തിരിച്ചറിയണമെന്നും കേരളത്തിലെ സിപിഎം നിലവിൽ ആന്തരിക ചികിത്സയിലാണെന്നും അതിനായി ചവിട്ടിപ്പിഴിയൽ ചികിത്സ തന്നെ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

​കേരളത്തിൽ പാർട്ടി അണികൾക്ക് തെറ്റ് പറ്റിയെന്ന പിണറായി വിജയന്റെ നിലപാടിനൊപ്പമാണ് നേതൃത്വമെന്ന് ബേബി വ്യക്തമാക്കി. എന്നാൽ, പ്രവർത്തകർ അങ്ങനെ നിലപാട് സ്വീകരിക്കാൻ പാർട്ടിയുടെ സമീപനങ്ങൾ കാരണമായോ എന്നത് ഗൗരവമായി പരിശോധിക്കും. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനാണ് തീരുമാനം. പാർട്ടിയിൽ താഴെത്തട്ട് മുതൽ എല്ലാ ഘടകങ്ങളിലും കൂട്ടായ പ്രവർത്തനം ഉറപ്പാക്കാൻ പോളിറ്റ് ബ്യൂറോയിൽ ധാരണയായിട്ടുണ്ട്. ജനങ്ങൾ പാർട്ടിയെ വിമർശിക്കുന്ന സമീപനം സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് വിലയിരുത്തുമെന്നും ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയാക്കുന്ന ചില പ്രവണതകൾ പാർട്ടിയിലും കടന്നുകൂടിയിട്ടുണ്ടെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു.

​അതേസമയം, പാർട്ടിയിൽ നേതൃമാറ്റമുണ്ടാകുമെന്ന പ്രചാരണങ്ങൾ മാധ്യമസൃഷ്ടി മാത്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു. തിരുത്തലുകൾ പാർട്ടിയിൽ സ്വാഭാവികമായും ഉണ്ടാകും, അത് നിരന്തരമായി നടക്കുന്ന പ്രക്രിയയാണ്. പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും നയപരമായ പാളിച്ചകളും വിശദമായി ചർച്ച ചെയ്ത് സംഘടനാപരമായ തിരുത്തൽ നടപടികൾ കർശനമായി മുന്നോട്ടുകൊണ്ടുപോകുമെന്നും എം.എ. ബേബി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക