
ചെന്നൈ: ചെന്നൈ അഡയാറിൽ തമിഴക വെട്രി കഴകം (ടിവികെ) പ്രാദേശിക നേതാവ് കണ്ണനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് പൊലീസിന്റെ ‘ബി’ കാറ്റഗറി ക്രിമിനൽ പട്ടികയിലുള്ള കണ്ണൻ, അടുത്തിടെയാണ് എഐഎഡിഎംകെ വിട്ട് ടിവികെയിൽ ചേർന്നത്. 2009-ൽ നടന്ന ശിവ വധക്കേസിലെ പ്രതികാരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട കണ്ണന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
2009-ൽ കൊല്ലപ്പെട്ട ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഡയാറിൽ വെച്ച് കണ്ണനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം പ്രതികൾ ഒളിവിൽ പോയി. ഇവർക്കായി പ്രത്യേക അന്വേഷണ സംഘം ഊർജിതമായ തിരച്ചിൽ ആരംഭിച്ചു. പ്രതികളെ ഉടൻ തന്നെ വലയിലാക്കാനാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ സംസാരിക്കാനിരിക്കെ ഉണ്ടായ ഈ കൊലപാതകം രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. സ്വന്തം ജീവൻ സംരക്ഷിക്കാൻ ടിവികെയിൽ ചേർന്ന ഗുണ്ടാ നേതാവിന് പോലും സംസ്ഥാനത്ത് രക്ഷയില്ലാത്ത സ്ഥിതിയാണെന്നും തമിഴ്‌നാട്ടിൽ ക്രമസമാധാനം പൂർണമായും തകർന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെയെ പഴിക്കുന്നത് അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഉദയനിധി ആവശ്യപ്പെട്ടു.