
ന്യൂഡൽഹി: പുത്തൻ തലമുറയെ (ജെൻസി) ആകർഷിക്കാൻ ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാറിൽ പൊലീസ് വെടിവയ്പിനിരയായ വിദ്യാർഥികളുമായി സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരെ പോര് കടുപ്പിച്ചത്. എ.കെ 47 തോക്കുകൾകൊണ്ട് ഭരണകൂടം തകർത്തുകളഞ്ഞ ഈ വിദ്യാർഥികളുടെ സ്വപ്നങ്ങൾ തിരികെ നൽകാൻ പ്രധാനമന്ത്രിക്കാകുമോ എന്ന് രാഹുൽ ചോദ്യമുയർത്തി. പ്രധാനമന്ത്രിയുടെ ‘ദിമാഗി നക്സൽ’ പ്രയോഗത്തിനെതിരെ കോക്ക് റോച്ച് ജനതാ പാർട്ടിയും (സി.ജെ.പി) കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഡൽഹി ജന്തർമന്തറിൽ സി.ജെ.പി നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിഹാറിൽ നടന്ന പ്രക്ഷോഭത്തിനിടെ വെടിയേറ്റ വിദ്യാർഥികളാണ് രാഹുൽ ഗാന്ധിയോട് അനുഭവങ്ങൾ തുറന്നുപറഞ്ഞത്. തോളിൽ വെടിയേറ്റ വിദ്യാർഥിയും, കാലിന് ഗുരുതര പരിക്കേറ്റിട്ടും കൃത്യസമയത്ത് ചികിത്സ നിഷേധിക്കപ്പെട്ട മറ്റൊരു വിദ്യാർഥിയും പൊലീസിന്റെ ക്രൂരത വിഡിയോയിൽ വിവരിച്ചു. നിയമപോരാട്ടത്തിലടക്കം വിദ്യാർഥികൾക്കൊപ്പം പൂർണ പിന്തുണയുമായി താനുണ്ടാകുമെന്ന് രാഹുൽ ഉറപ്പുനൽകി. നേരത്തെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിക്ക് നീതി തേടി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ബിഹാർ വിഷയവും ഏറ്റെടുത്ത് രാഹുൽ മുന്നോട്ടുപോകുന്നത്.
ജെൻസി ശൈലിയിലുള്ള പദങ്ങൾ ഉപയോഗിച്ച് യുവതയ്ക്കൊപ്പമാണെന്ന് കാട്ടാൻ പ്രധാനമന്ത്രി നടത്തിയ നീക്കങ്ങളെ കോൺഗ്രസും സി.ജെ.പിയും പരിഹസിച്ചു. വിദ്യാർഥി പ്രതിഷേധം ഭയന്നാണ് മോദി കോളേജിൽ രാത്രി പ്രസംഗം നടത്തിയതെന്നും രാഹുൽ ഗാന്ധിയെ അനുകരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. അവകാശങ്ങൾക്ക് വേണ്ടി ചോദ്യങ്ങൾ ചോദിക്കുന്ന തലമുറയെ ‘ദിമാഗി നക്സലുകൾ’ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് അപലപനീയമാണെന്ന് സി.ജെ.പി നേതൃത്വവും വ്യക്തമാക്കി. ഇതോടെ രാജ്യത്തെ വിദ്യാർഥി-യുവജന പക്ഷം ചേരാനുള്ള രാഷ്ട്രീയ പോരാട്ടം വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് ഉറപ്പായി.