
കൊച്ചി: നഗരത്തിൽ കാർ യാത്രികരായ കുടുംബത്തെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സ്വകാര്യ ബസ് ക്ലീനർ സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. മോഷണവും അടിപിടിയുമടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാറാണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. 'ശക്തി' എന്ന സ്വകാര്യ ബസിലെ ക്ലീനറായ ഇയാളെ ബസിൽ കയറി പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെയും ആക്രമിച്ചു. ഓഗസ്റ്റ് ഒൻപതിന് കലൂരിൽ വെച്ചാണ് കുടുംബത്തിന് നേരെ ഇയാളുടെ ക്രൂരമായ അതിക്രമമുണ്ടായത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതിനു പിന്നാലെ, മറ്റൊരാളെയും ഇയാൾ സമാനരീതിയിൽ നടുറോഡിൽ ഭീഷണിപ്പെടുത്തിയതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. ഓഗസ്റ്റ് 22-ന് എറണാകുളം പാലാരിവട്ടം പടിവട്ടത്തുവെച്ച് കാർ യാത്രികനായ റെജിൻസിനെയും അൻസാർ വഴിതടഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് തന്നെ സ്റ്റേഷനിൽ പരാതി നൽകിയിട്ടും പ്രതിക്കെതിരെ കർശന നടപടിയെടുക്കാതെ ബസിന് ചെറിയ തുക പിഴ ചുമത്തി വിട്ടയക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് റെജിൻസ് ആരോപിച്ചു. നീതി ലഭിക്കാത്തതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി നഗരത്തിലെ റോഡുകളിൽ യാത്രക്കാർക്കും നാട്ടുകാർക്കും നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസവും ഭീഷണിയും പതിവായിട്ടും പൊലീസ് കണ്ണടയ്ക്കുകയാണെന്ന ആക്ഷേപം ഇതോടെ വീണ്ടും ശക്തമായി. ചെറിയ പിഴകളിൽ ഒതുക്കി കുറ്റവാളികളെ വിട്ടയക്കുന്ന അധികൃതരുടെ മൃദുസമീപനമാണ് ഇത്തരം ക്രിമിനലുകൾക്ക് റോഡുകളിൽ അഴിഞ്ഞാടാൻ ധൈര്യം നൽകുന്നതെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. പ്രതിയായ അൻസാറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.