Image

എഐസിസിയില്‍ വന്‍ അഴിച്ചുപണി: സച്ചിന്‍ പൈലറ്റിന് പഞ്ചാബിന്റെ ചുമതല; സുര്‍ജേവാലയ്ക്ക് ഗുജറാത്തും കര്‍ണാടകയും, രമേശ് ചെന്നിത്തലയ്ക്കും മാറ്റം

Published on 06 September, 2026
എഐസിസിയില്‍ വന്‍ അഴിച്ചുപണി: സച്ചിന്‍ പൈലറ്റിന് പഞ്ചാബിന്റെ ചുമതല; സുര്‍ജേവാലയ്ക്ക് ഗുജറാത്തും കര്‍ണാടകയും, രമേശ് ചെന്നിത്തലയ്ക്കും മാറ്റം

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് സംഘടനാ തലത്തില്‍ സമഗ്രമായ അഴിച്ചുപണിയുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാരിലാണ് നേതൃത്വം മാറ്റം വരുത്തിയത്. മുതിര്‍ന്ന നേതാവും ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിനെ മാറ്റി യുവനേതാവ് സച്ചിന്‍ പൈലറ്റിന് പഞ്ചാബിന്റെ ചുമതല നല്‍കിയതാണ് പുനഃസംഘടനയിലെ പ്രധാന തീരുമാനം. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ചുമതല മാറ്റങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

​അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പഞ്ചാബ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുക എന്ന സുപ്രധാന ദൗത്യമാണ് സച്ചിന്‍ പൈലറ്റിനെ ഏല്‍പ്പിച്ചിരിക്കുന്നത്. പഞ്ചാബില്‍നിന്ന് മാറ്റിയ ഭൂപേഷ് ബാഗേലിന് പകരം അസമിന്റെ ചുമതല നല്‍കി. സംഘടനാ രംഗത്ത് സജീവമായ രണ്‍ദീപ് സുര്‍ജേവാലയ്ക്ക് ഗുജറാത്തിന്റെ ചുമതലയ്ക്ക് ഒപ്പം കര്‍ണാടകയുടെ അധിക ചുമതല കൂടി ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്.

​മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലകളിലും മാറ്റം വരുത്തി. മഹാരാഷ്ട്രയുടെ ചുമതല വഹിച്ചിരുന്ന കേരളത്തിലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പകരം സിരിവെല്ല പ്രസാദിനെ നിയോഗിച്ചു. ഛത്തീസ്ഗഡിന്റെ ചുമതലയില്‍നിന്ന് ജിതേന്ദ്ര സിങ്ങിനെ മാറ്റി പകരം സുഖ്ദേവ് ഭഗതിനെയും, ആന്ധ്രപ്രദേശിന്റെ ചുമതല വഹിച്ചിരുന്ന മാണിക്കം ടാഗോറിന് പകരം പി.വി. മോഹനനെയും എഐസിസി പുതിയ ഭാരവാഹികളായി നിയമിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക