
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എം.എൽ.എയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും വീഴ്ച വരുത്തിയവർക്കെതിരെ കർശന അച്ചടക്ക നടപടിയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. സംഭവത്തിൽ എം.എം. ഹസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ വിശദമായ റിപ്പോർട്ട് ഞായറാഴ്ച തന്നെ കെപിസിസിക്ക് ലഭിക്കും. വിഷയം പാർട്ടി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പരസ്യമായ അച്ചടക്കലംഘനം ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഒരു ജനപ്രതിനിധി രാത്രി പ്രവർത്തകന്റെ വീട്ടിൽ നേരിട്ടെത്തി തർക്കമുണ്ടാക്കിയത് ഗുരുതര വീഴ്ചയാണെന്ന വിലയിരുത്തലിലാണ് നേതൃത്വം.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ഔദ്യോഗിക പദവികളില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തത് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിൽ പ്രകോപിതരായി രമ്യ ഹരിദാസും പ്രദീപും ചേർന്ന് പ്രവർത്തകന്റെ വീട്ടിലെത്തുകയും തുടർന്ന് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടാവുകയുമായിരുന്നു. ഇതിനിടെ, പ്രദീപ് തന്റെ ഔദ്യോഗിക സ്റ്റാഫാണെന്ന എം.എൽ.എയുടെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നു. നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം സർക്കാർ അനുവദിച്ച മൂന്ന് ഔദ്യോഗിക ജീവനക്കാരുടെ പട്ടികയിൽ പ്രദീപിന്റെ പേരില്ല. മുൻപ് എം.പി ആയിരുന്ന കാലത്ത് സ്റ്റാഫിലുണ്ടായിരുന്നെങ്കിലും എം.എൽ.എ ആയ ശേഷം ഔദ്യോഗിക നിയമനം നടന്നിട്ടില്ലെന്നാണ് വിവരം; എന്നാൽ ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് എം.എൽ.എയുടെ വിശദീകരണം.
വിവാദം പരസ്യമായ വിഴുപ്പലക്കലിലേക്ക് പോകാതിരിക്കാൻ ജില്ലയിലെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ സജീവമാണ്. എം.എൽ.എ ഉൾപ്പെട്ട സംഭവമായതിനാൽ പോലീസ് കേസ് ഒഴിവാക്കി വിഷയം പാർട്ടി തലത്തിൽ തീർക്കാനാണ് നീക്കം നടക്കുന്നത്. എങ്കിലും പാർട്ടിക്ക് കടുത്ത അവമതിപ്പുണ്ടാക്കിയ പശ്ചാത്തലത്തിൽ ഇരുവിഭാഗങ്ങൾക്കുമെതിരെ നടപടിയുണ്ടാകുമെന്നും രമ്യ ഹരിദാസിന് പരസ്യശാസന ലഭിക്കാൻ സാധ്യതയുണ്ടെന്നുമാണ് കെപിസിസി വൃത്തങ്ങൾ നൽകുന്ന സൂചന. തിരുവനന്തപുരത്ത് ചേരുന്ന അന്വേഷണ സമിതി യോഗത്തിന് ശേഷം തുടർതീരുമാനങ്ങൾ പ്രഖ്യാപിക്കും.