Image

ഐഎസ്ആർഒയിലെ സ്വകാര്യവൽക്കരണ നീക്കം: ചെയർമാന് സംയുക്ത കത്തുമായി തൊഴിലാളി യൂണിയനുകൾ; ദേശീയ സുരക്ഷയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

Published on 06 September, 2026
ഐഎസ്ആർഒയിലെ സ്വകാര്യവൽക്കരണ നീക്കം: ചെയർമാന് സംയുക്ത കത്തുമായി തൊഴിലാളി യൂണിയനുകൾ; ദേശീയ സുരക്ഷയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയുടെ നിർമാണ, വിക്ഷേപണ പ്രവർത്തനങ്ങൾ സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കാനുള്ള നീക്കങ്ങൾക്കെതിരെ ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി രംഗത്ത്. ഐഎസ്ആർഒ പരമാധികാരമുള്ള ദേശീയ സ്വത്താണെന്നും അതിനെ കേവലമൊരു ഗവേഷണ സ്ഥാപനം മാത്രമായി ഒതുക്കിമാറ്റരുതെന്നും ആവശ്യപ്പെട്ട് ഒൻപത് പ്രമുഖ തൊഴിലാളി യൂണിയനുകൾ ഐഎസ്ആർഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ വി. നാരായണന് കത്തുനൽകി. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി), ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ എന്നിവയുൾപ്പെടെയുള്ള രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെ യൂണിയനുകളാണ് സംയുക്തമായി പ്രതിഷേധമറിയിച്ചത്. സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ സംഘടനകൾ ഔദ്യോഗികമായി ഒന്നിക്കുന്നത് ഇതാദ്യമായാണ്.

​റോക്കറ്റ്, ഉപഗ്രഹ നിർമാണ മേഖലകളിൽനിന്ന് ഐഎസ്ആർഒ പിൻവാങ്ങുന്നുവെന്ന പ്രചാരണം ജീവനക്കാർക്കിടയിൽ കടുത്ത അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രധാന ജോലികൾ പുറംകരാർ നൽകുന്നത് തൊഴിലവസരങ്ങൾ ഗണ്യമായി കുറയ്ക്കും. നിലവിലെ ജീവനക്കാരുടെ സേവന വ്യവസ്ഥകൾ, ശമ്പളം, പെൻഷൻ എന്നിവ സംബന്ധിച്ച് ബഹിരാകാശ വകുപ്പ് ഇതുവരെ വ്യക്തത നൽകിയിട്ടില്ലെന്നും സംഘടനകൾ കുറ്റപ്പെടുത്തി. മാനദണ്ഡങ്ങളോടെയുള്ള വാണിജ്യ പങ്കാളിത്തത്തെ പൂർണമായി എതിർക്കുന്നില്ലെങ്കിലും, അതിന്റെ പേരിൽ ഐഎസ്ആർഒയുടെ ആഭ്യന്തര നിർമാണ ശേഷിയും പ്രസക്തിയും ഇല്ലാതാക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.

​കൂടാതെ, രാജ്യത്തിന്റെ തന്ത്രപ്രധാനമായ ബഹിരാകാശ-പ്രതിരോധ രഹസ്യങ്ങളുമായി ബന്ധപ്പെട്ട നിർമാണങ്ങൾ സ്വകാര്യവൽക്കരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ദേശീയ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. വിക്ഷേപണ വാഹനങ്ങളുടെ ഘടക നിർമാണവും സുരക്ഷാ പരിശോധനകളും കേവലമൊരു കരാർ പണിയല്ലെന്നും സ്ഥാപനത്തിന്റെ പതിറ്റാണ്ടുകളുടെ വൈദഗ്ധ്യമാണെന്നും ഓർമിപ്പിച്ച യൂണിയനുകൾ, ജീവനക്കാരുടെ തൊഴിൽസുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക