Image

കൈപ്പമംഗലം വാഹനാപകടം: ഒളിവിൽപ്പോയ ലോറി ഡ്രൈവർ നാട്ടുകാരുടെ പിടിയിൽ; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

Published on 06 September, 2026
കൈപ്പമംഗലം വാഹനാപകടം: ഒളിവിൽപ്പോയ ലോറി ഡ്രൈവർ നാട്ടുകാരുടെ പിടിയിൽ; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

തൃശൂർ: ഏഴു വിദ്യാർഥികൾ ഉൾപ്പെടെ എട്ടുപേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ കൈപ്പമംഗലം വാഹനാപകടത്തിൽ ഒളിവിൽപ്പോയ ലോറി ഡ്രൈവർ പിടിയിലായി. പൂനെ സ്വദേശി ദൂക്കാറാം കാംബ്ലെ ആണ് പിടിയിലായത്. അപകടത്തിനു പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ കൈപ്പമംഗലം മൂന്നുപീടികയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നാട്ടുകാരാണ് തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചത്.

​ദേശീയപാതയിൽ അലക്ഷ്യമായി ലോറി നിർത്തിയിട്ടതാണ് വൻ ദുരന്തത്തിന് വഴിവെച്ചതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി തൃശൂർ റൂറൽ എസ്.പി. മുഹമ്മദ് നദീം വ്യക്തമാക്കി. പാർക്കിങ് നിരോധിച്ചിട്ടുള്ള മേഖലയിലാണ് ഡ്രൈവർ വാഹനം ഒതുക്കിയിട്ടിരുന്നത്. ഗുരുതരമായ അനാസ്ഥ ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ കരാറുകാരും ഹൈവേ അതോറിറ്റിയും മതിയായ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നോ എന്ന കാര്യവും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

​നാടിനെ നടുക്കിയ അപകടത്തിൽ സേലം സ്വദേശികളായ വിശ്വ, സന്തോഷ്, മധുര സ്വദേശികളായ പ്രസന്ന, മുരളീകൃഷ്ണൻ, സൂര്യ, യുവസഞ്ജിത്, ഡിണ്ടിഗൽ സ്വദേശികളായ ജോഷ്വ, ജീവ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. തമിഴ്നാട്ടിൽ നിന്നെത്തിയ വിദ്യാർഥി സംഘം സഞ്ചരിച്ചിരുന്ന വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറിയാണ് എട്ടുപേരുടെ ജീവനപഹരിച്ച ഈ ദുരന്തമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക