
കോട്ടയം: സഹപാഠികളായ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് മൊബൈൽ ഫോണിൽ സൂക്ഷിച്ച എൻജിനീയറിങ് വിദ്യാർഥിയെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂരിലെ സ്വകാര്യ എൻജിനീയറിങ് കോളേജിലെ നാലാംവർഷ ബി.ടെക് വിദ്യാർഥിയായ അജ്മൽ ആണ് പിടിയിലായത്. ഏഴ് വിദ്യാർഥിനികളുടെ പരാതിയിലാണ് പോലീസ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
പ്രോജക്ട് വർക്കിനിടെ അജ്മലിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച സഹപാഠിയായ പെൺകുട്ടിയാണ് തന്റേതുൾപ്പെടെയുള്ള ചിത്രങ്ങൾ ഫോണിൽ കണ്ടത്. തുടർന്ന് വിദ്യാർഥിനികൾ ചേർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയുടെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ കണ്ടെടുത്തു. പ്രധാന ഫോൾഡറുകളിൽ സഹപാഠികളുടെ യഥാർഥ ചിത്രങ്ങളും, ഇവ അശ്ലീലചിത്രങ്ങളുമായി ചേർത്ത് മോർഫ് ചെയ്തവ രഹസ്യ ഫോൾഡറിലുമാണ് സൂക്ഷിച്ചിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, മോർഫ് ചെയ്ത ചിത്രങ്ങൾ ഇയാൾ മറ്റാർക്കും അയച്ചുനൽകിയിട്ടില്ലെന്നും സ്വന്തം ആവശ്യത്തിനായി ഫോണിൽ സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്ന് ഏറ്റുമാനൂർ പോലീസ് അറിയിച്ചു. ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.