
കാസർകോട്: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് സിപ്‌ലൈൻ റൈഡിനിടെയുണ്ടായ അപകടത്തിൽ ഓപ്പറേറ്ററായ യുവാവിന് ദാരുണാന്ത്യം. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് (25) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കഴിഞ്ഞ ദിവസമാണ് സനൂപ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്.
വിനോദസഞ്ചാരത്തിനെത്തിയ യുവതി സിപ്‌ലൈൻ റൈഡിനായി സുരക്ഷാബെൽറ്റണിഞ്ഞ് യാത്ര തിരിക്കുന്നതിനിടെ അബദ്ധത്തിൽ സനൂപിന്റെ കൈയിൽ കയറിപ്പിടിക്കുകയായിരുന്നു. യുവതിയോടൊപ്പം സിപ്‌ലൈനിൽ തൂങ്ങിപ്പോയ സനൂപ്, ഏകദേശം 300 മീറ്ററോളം അകലെയുള്ള ലാൻഡിങ് പോയിന്റിന് സമീപം വരെ എത്തിയിരുന്നു. എന്നാൽ അവിടെവെച്ച് പിടിവിട്ട് താഴെയുള്ള വലിയ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻതന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച സനൂപിന്റെ അമ്മ: ജാനകി. സഹോദരങ്ങൾ: ശരത്, ശ്യാം.