Image

തൃശൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്നുവയസ്സുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

Published on 06 September, 2026
തൃശൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്നുവയസ്സുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

തൃശൂർ: കുന്നംകുളം ആർത്താറ്റ് പള്ളിക്കുസമീപം കുറുക്കൻപാറ സെന്ററിലുണ്ടായ വാഹനാപകടത്തിൽ മൂന്നുവയസ്സുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. എടക്കഴിയൂർ സ്വദേശികളായ മുനീർ (35), ഭാര്യ ഷിഫ്ന (24), ഇവരുടെ മൂന്നുവയസ്സുള്ള മകൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു.

​ശനിയാഴ്ച രാത്രി 11.40-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. നിയന്ത്രണം വിട്ടെത്തിയ കാർ ബൈക്ക് യാത്രികരെ ശക്തമായി ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറും ബൈക്കും പൂർണമായും തകർന്നു. അപകടസമയത്ത് കാറോടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാരും ദൃക്‌സാക്ഷികളും ആരോപിച്ചു.

​ഗുരുതരമായി പരിക്കേറ്റ ദമ്പതികളെയും കുട്ടിയെയും ഉടൻതന്നെ സമീപത്തെ ദയ റോയൽ, മലങ്കര ആശുപത്രികളിൽ എത്തിച്ചെങ്കിലും മുനീറിന്റെയും ഷിഫ്നയുടെയും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് എമിൽ ഐബക്ക് മരണത്തിന് കീഴടങ്ങിയത്. അപകടത്തെത്തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതതടസ്സമുണ്ടായി; സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക